യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി നിര്‍മ്മിച്ചതിനാലാവണം കുറുപ്പ് സിനിമ പ്രഖ്യാപിച്ചതു മുതല്‍ പഴയ കേസുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നത്. അക്കൂട്ടത്തില്‍ ഒന്നാണ് ഷാഹുവിന്റേത്.മറക്കാൻ ശ്രമിക്കുന്തോറും ഷാഹുവിന് സുകുമാരക്കുറുപ്പിനെ ഓർമ വരും. ചാക്കോ വധക്കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി സുകുമാരക്കുറുപ്പിന്റെ സുഹൃത്തും പിന്നീട് മാപ്പുസാക്ഷിയുമായ ചാവക്കാട് തൊട്ടാപ്പ് ചിന്നക്കൽ ഷാഹു.
സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള സിനിമ പൂർണതയിലെത്തണമെങ്കിൽ തന്നോട് സംസാരിക്കണമായിരുന്നെന്നു ഷാഹു പറയുന്നു. അബുദാബി അഡ്മ കമ്പനിയിൽ ഓഫിസ് ബോയിയായിരുന്ന ഷാഹുവിന് അതേ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്ന സുകുമാരക്കുറുപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
കൊലപാതകം നടന്നു 37 വർഷം പിന്നിടുമ്പോൾ ഷാഹുവിന്റെ ജീവിതം അതിദയനീയമായി മാറിമറിഞ്ഞു. വർഷങ്ങളായി പാവറട്ടിയിലും പരിസരങ്ങളിലുമായി മീൻകച്ചവടം നടത്തുകയാണ് അറുപത്തിരണ്ടുകാരനായ ഷാഹു. തൊട്ടാപ്പിൽ ഉണ്ടായിരുന്ന വീടും പറമ്പും വിറ്റ് ഇപ്പോൾ വാടക വീട്ടിലാണ് താമസം. 1984 ജനുവരി 21ന് കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിൽ ഉൾപ്പെട്ടിരുന്ന ഡ്രൈവർ പൊന്നപ്പൻ, കൂട്ടുപ്രതികളായ ഭാസ്കരപിളള എന്നിവർ നേരത്തെ മരിച്ചിരുന്നു.
രൂപസാദൃശ്യമുള്ള ചാക്കോയെ വധിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഷാഹുവിനെ കൂട്ടുപിടിച്ചാണ് സുകുമാരക്കുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടക്കുമ്പോൾ ഷാഹുവിന് 25 വയസ്സാണ് പ്രായം. അവധി കഴിഞ്ഞ് അബുദാബിയിലേക്ക് തിരിച്ചുപോകുന്ന ദിവസം പുലർച്ചെയാണ് വീടുവളഞ്ഞ് പൊലീസ് ഷാഹുവിനെ കസ്റ്റഡിയിലെടുത്തത്.
രണ്ടുതവണ സുകുമാരക്കുറുപ്പിന്റെ വീട്ടിൽ പോയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചില്ലെന്ന് ഷാഹു പറഞ്ഞു. രൂപസാദൃശ്യമുള്ള ആരെയും കിട്ടിയില്ലെങ്കിൽ കുറുപ്പുമായി ഏറെക്കുറെ സാമ്യമുള്ള തന്നെ കൊല്ലാനായിരുന്നു കുറുപ്പിന്റെയും കൂട്ടരുടെയും ശ്രമമെന്ന് താൻ മനസ്സിലാക്കിയിരുന്നതായും ഷാഹു പറയുന്നു