കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയെയും അവരുടെ സംസ്കാരങ്ങളും നാടിന്‍റെ ഭംഗിയും മലയാളികള്‍ക്ക് പരിചയപ്പെടുത്തി എസ് ജെ സിനു സംവിധാനം ചെയ്ത ചിത്രം ജിബൂട്ടി വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു. അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് എസ് ജെ സിനുവും അഫ്‌സല്‍ കരുനാഗപ്പള്ളിയും ചേര്‍ന്നാണ്. നാട്ടിന്‍പുറത്തെ ഒരു കൂട്ടം സൂഹൃത്തുക്കള്‍ ജിബൂട്ടിയിലെത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മനുഷ്യക്കടത്തും പ്രമേയമാകുന്നുണ്ട്. ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ  ജോബി. പി. സാമിന്‍റെതാണ് നിര്‍മാണം. ബോളിവുഡ് നടിയും ഷിംല സ്വദേശിയുമായ ഷഗുൺ ജസ്വാളാണ് ജിബൂട്ടിയില്‍ നായികയായെത്തുന്നത്. 

 

സിനിമയുടെ 75 ശതമാനവും ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ചിത്രീകരണം നടന്ന ഏക മലയാള സിനിമ കൂടിയാണ് ജിബൂട്ടി. ഇന്ത്യയില്‍ ആദ്യമായാണ്  ജിബൂട്ടിയെ ഉപയോഗപ്പെടുത്തി സിനിമ ചെയ്യുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷനും, കോമഡിയും, പ്രണയവും ഉള്‍പ്പെടുത്തിയ ഒരു അതിജീവനത്തിന്‍റെ കഥ കൂടിയാണ് ജിബൂട്ടി. ജിബൂട്ടി രാജ്യത്തിന്‍റെ മനോഹാരിത ചിത്രത്തിലുടനീളം കാണാനാകും.  മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഒരു തിയറ്റർ അനുഭവം ജിബൂട്ടിക്ക് നൽകാനാവുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. 

 

തമിഴ് നടന്‍ കിഷോര്‍, ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ബിജു സോപാനം, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി, ഗീത, സുനില്‍ സുഖദ, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി.ഡി. ശ്രീനിവാസാണ് ഛായാഗ്രഹണം. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവാണ് സംഗീതം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ്‌ ചെയ്യുന്നുണ്ട്.