പ്ലാൻ ചെയ്ത പരിപാടികൾ കോവിഡിൽ തട്ടി തകിടം മറിഞ്ഞ നിരവധി അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ സാധാരണക്കാർ മുതൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരും ഉൾപ്പെടുന്നു. നടി ഗൗരി കൃഷ്ണനു തന്റെ വിവാഹനിശ്ചയമാണ് മാറ്റിവയ്ക്കേണ്ടി വന്നത്. ജനുവരി 23 ന് തന്റെ നിശ്ചയമായിരിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തിയതി കഴിഞ്ഞിട്ടും പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും കാണാതിരുന്നതോടെ സുഹൃത്തുക്കളുടെ ചോദ്യങ്ങളായി. ഇതോടെയാണ് കാരണം ഗൗരി തന്നെ പറഞ്ഞത്. 

 

‘‘ഇന്നലെ വിവാഹനിശ്ചയം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നിർഭാഗ്യവശാൽ നടന്നില്ല. ഒന്ന് ലോക്ഡൗൺ. പിന്നെ അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആണ്. അങ്ങനെ ഒരു സാഹചര്യത്തിൽ നിശ്ചയം നടത്താൻ സാധിക്കില്ലല്ലോ. അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തിനു ശേഷം നിശ്ചയം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ ഒന്നും കണ്ടില്ലെന്ന് കുറേപ്പേർ മെസേജ് അയച്ചിരുന്നു. ഇതാണ് അതിനു കാരണം’’– ഗൗരി പറഞ്ഞു. 

 

വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണും തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി ശ്രദ്ധേയയാകുന്നത്