unni-lalu

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഗീതു അൺചെയ്‌ൻഡ്, അസംഘടിതർ, റേഷൻ, ഓൾഡ് ഏജ് ഹോം, പ്രതൂമു എന്നിങ്ങനെ  കാലിക പ്രസക്തിയുള്ള അഞ്ച് ചെറു ചിത്രങ്ങളാണ് സിനിമയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ജിയോ ബേബി, കുഞ്ഞില മസ്സിലാമണി, ജിതിൻ ഐസക്ക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് സംവിധായകര്‍.  മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. രജിഷ വിജയന്‍, ശ്രിന്ദ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോര്‍ജ്, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം സോണി ലിവിലൂടെ ഫെബ്രുവരി 11നാണ് പുറത്തിറങ്ങിയത്.

സെപ്റ്റിംഗ് ടാങ്ക് വൃത്തിയാക്കുന്ന മനുഷ്യരുടെ ജീവിതമാണ് അവസാന ചിത്രമായ പ്രതൂമു പ്രമേയമാക്കുന്നത്. ചിത്രം കണ്ടവരാരും അതിലെ ലക്ഷ്മണനെന്ന കഥാപാത്രത്തെ മറക്കില്ല. മ്യൂസിക്കല്‍ ആല്‍ബങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ ഉണ്ണി ലാലുവാണ് ലക്ഷമണനായെത്തിയത്. ഉണ്ണി ആദ്യമായി സുപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഫ്രീഡം ഫൈറ്റ്. ‘ഞാന്‍ ഏതോ കാലത്ത് ചെയ്ത പുണ്യം കൊണ്ട് കിട്ടിയ റോളാണ് ലക്ഷ്മണന്’ –ഉണ്ണി മനോരമ ന്യൂസ്.കോമിനോട് പങ്കുവയ്ക്കുന്നു..

 

ഫ്രീഡം ഫൈറ്റിലേക്കെത്തിയത്..

ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം രാവിലെ കിട്ടിയ ഭാഗ്യമാണ് ഫ്രീഡം ഫൈറ്റ്. ഞാന്‍ റൂമില്‍ കിടന്നുറങ്ങുവായിരുന്നു. ഫ്രീഡം ഫൈറ്റ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആഷ്ലി എന്‍റെ സുഹൃത്താണ്.  അവന്‍ എന്നെ ഉറക്കത്തില്‍ നിന്നും വിളിച്ച് എഴുന്നേല്‍പ്പിച്ചിട്ട് ‌ഒരു പടത്തിന്‍റെ മീറ്റിംഗുണ്ട്, വേഗം റൂമിലേക്ക് ചെല്ലാന്‍ പറഞ്ഞു. 'എന്നാ കുളിച്ചിട്ടൊക്കെ നല്ല വൃത്തിയായി വരാമെന്ന്' പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു–നീ ഒന്നും ചെയ്യണ്ട.. പല്ല് തേച്ചിട്ട് വന്നാ മതി. അവിടെ ചെന്ന് സ്ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ റോള്‍. ജിതിനോട് ഞാന്‍ പറഞ്ഞു. എനിക്ക് ഈ റോള്‍ ചെയ്യണമെന്നും കോണ്‍ഫിഡന്‍സുണ്ടെന്നും പറഞ്ഞു. ജിതിന്‍റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു. അങ്ങനെ പെട്ടെന്ന് കിട്ടിയ വേഷമാണ്. ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. 

 

12 വര്‍ഷത്തെ കാത്തിരിപ്പ്..

12 വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ് എന്‍റെ ഈ സ്വപ്നം നടന്നത്. 6 വര്‍ഷമായി വേറെ ജോലിയൊന്നും ചെയ്യാതെ സിനിമയുടെ പിറകേ തന്നെയായിരുന്നു. ജോലി ചെയ്തിരുന്നപ്പോള്‍ ഓഡിഷന് പോകാന്‍ ലീവെടുക്കേണ്ടി വരുന്നതൊക്കെ പ്രശ്നമായി. വീണ്ടും അവിടെ നിന്നാല്‍ സിനിമ നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ റിസൈന്‍ ചെയ്തു.  ത്രീ ഇഡിയറ്റ്സ് മീഡിയയിലൂടെയായിരുന്നു തുടക്കം. പിന്നീട് ഷോര്‍ട് ഫിലിമും, ഷോര്‍ട് വിഡിയോകളും, വെബ് സീരീസുമൊക്കെ ചെയ്തു. എന്തോ ഭാഗ്യത്തിന് ചെയ്യുന്നതൊക്കെ ആളുകള്‍ അക്സപ്റ്റ് ചെയ്തു തുടങ്ങി. തിരിച്ചറിയാന്‍ തുടങ്ങി. കഷ്ടപ്പെട്ടതൊന്നും വെറുതെയായില്ല. അച്ഛനും അമ്മയും ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

 

'പ്രതൂമു'–ലെ ലക്ഷ്മണന്‍..

ലക്മണന്‍ എന്ന ക്യാരക്ടര്‍ ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ട് പോലുമില്ലാത്തതാണ്. ഞാന്‍ ചെയ്താല്‍ ശരിയാകുമോയെന്ന് ആദ്യം തോന്നിയിരുന്നു. അവരുടെ ബോഡി ലാംഗ്വേജും എപ്പിയറന്‍സുമൊക്കെ ഞാന്‍ ഇതുവരെ ചെയ്തത് പോലെയല്ല. അവര്‍ സ്ഥിരം ചെയ്യുന്ന ജോലിയായതിനാല്‍ അത് വളരെ സ്വാഭാവികമായിരിക്കും. ഞാന്‍ ചെയ്യുമ്പോഴും സ്വാഭാവികത തോന്നാന്‍ ഒത്തിരി എഫര്‍ട്ടിടണ്ടി വന്നു. ജിതിന്‍ ഓരോ സീനും വ്യക്തമായി മനസ്സിലാക്കി തരും. രണ്ട് വീടുകളിലായായിരുന്നു ഷൂട്ട്. ഒരു വീടിന്‍റെ ഓണര്‍ ഞാന്‍ പണിക്കാരനെന്ന് കരുതി ഷൂട്ടിനിടെ വന്ന് എന്നെ കുറേ ചീത്ത, പണിയെടുക്കാന്‍ വന്നാല്‍ അത് ചെയ്യണമെന്നൊക്കെ. അപ്പോള്‍ എനിക്ക് മനസ്സിലായി ലുക്ക് വര്‍ക്ക് ആവുന്നുണ്ടെന്ന്. ഫൈറ്റ് സീനില്‍ ഇടിയും തൊഴിയും നല്ലത് പോലെ കിട്ടി. ഷൂട്ടിനിടെ ഇടി കൊണ്ട് ഞാന്‍ ബോധം കെട്ടു. പിന്നെ ഞാന്‍ ഓക്കെയാകാന്‍ ഒരു മണിക്കൂര്‍ ബ്രേക്കെടുത്താണ് ബാക്കി ഷൂട്ട് ചെയ്തത്.  സിദ്ധാര്‍ഥ് ചേട്ടന്‍റെ സപ്പോര്‍ട്ട് പറയാതിരിക്കാനാവില്ല. ക്ലോസറ്റിലെ തലകുത്തിയുള്ള സീനൊക്കെ  ചേട്ടന്‍ ഒരുപാട് ശ്രദ്ധിച്ചാണ് അഭിനയിച്ചത്. ശ്രദ്ധ മാറിയാല്‍ ചിലപ്പോള്‍ എന്‍റെ കഴുത്തിലെ എല്ലിന് ക്ഷതം സംഭവിച്ചേക്കാം. അങ്ങനെ കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ ഹാപ്പിയാണ്. ‌‌‌‌

 

തുടക്കം തരംഗത്തില്‍..

'തരംഗം' സിനിമയിലൂടെയാണ് തുടക്കം. ആദ്യമായി ഡയലോഗുള്ള സീന്‍ കിട്ടിയത് തരംഗത്തിലാണ്. പിന്നെ സൈഡിലും പിറകിലുമായി പല സിനിമകളിലുമുണ്ട്.  കരിയറില്‍ വഴിത്തിരിവായത് 14 ഡെയ്സ് ഓഫ് ലവ് എന്ന ഷോര്‍ട് ഫിലിമാണ്. ആരവത്തിന്‍റെ ഡയറക്ടര്‍ നഹാസും ഞാനും ലോക്ഡൗണില്‍ പണിയൊന്നുമില്ലാതിരുന്നപ്പോള്‍ ചെയ്തതതാണ്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ കുറേ മെസേജുകളൊക്കെ വന്നു. ഭാവിയിലെ ശിവകാര്‍ത്തികേയനെന്നൊക്കെ വരെ മെസേജ് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി. 

സിനിമയിലെ പൊളിറ്റിക്സ്..

കാലിക പ്രസക്തിയുള്ള ഒരു സിനിമയാണിത്. ഇത്തരമൊരു വിഷയം ആദ്യമായാണെന്ന് തോന്നുന്നു സിനിമയാകുന്നത്. എനിക്ക് ഈ വേഷം കിട്ടിയപ്പോള്‍  ചെയ്യണമെന്ന് തന്നെ തോന്നി. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഇത്രയും ചാലഞ്ചിംഗായ ഒരു റോള്‍ കിട്ടികയെന്നത് വലിയ കാര്യമാണ്. ഞാന്‍ ഏതോ കാലത്ത് ചെയ്ത് പുണ്യം കൊണ്ട് കിട്ടിയ റോളാണ് ലക്ഷ്മണന്‍. ഇതിലെ ഓരോ കഥയ്ക്കും ഒരുപാട് പറയാനുണ്ട്. ഒരുപാട് പേരിലേക്ക് എത്തേണ്ട സിനിമയാണ്. തുടക്കത്തില്‍ തന്നെ സോണി ലിവ് പോലെ ഒരു  പ്ലാറ്റ്ഫോമില്‍ ഞാന്‍ ഭാഗമായ ഒരു സിനിമ വരുക എന്നത് വലിയ കാര്യമാണ്. 

പ്രതീക്ഷകള്‍..

ആന്‍റണി വര്‍ഗീസ് നായകനാകുന്ന 'ആരവം' ഇനി ചെയ്യാനുള്ളത്. കോവിഡ് കാരണം ഷൂട്ട് മുടങ്ങിയിരുന്നു. ലവ് ഔട്ട് ഫോര്‍ ഡെലിവറി എന്ന വെബ് സീരീസിന്‍റെ സെക്കന്‍റ്  എപ്പിസോഡ് നാളെയിറങ്ങും. കുറച്ച് പ്രോജക്ട്സിന്‍റെ ഡിസ്കഷന്‍ നടക്കുന്നുണ്ട്.