Soumya-Oruthee

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതത്തിലുണ്ടായ അസാധാരണ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് എസ്.സൗമ്യ. നവ്യനായര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഒരുത്തീ എന്ന ചിത്രത്തിന് ആധാരമായത് സൗമ്യ നടത്തിയ ശക്തമായ പോരാട്ടമാണ്. 

നവ്യാനായര്‍ അവതരിപ്പിച്ച വെള്ളിത്തിരയിലെ രാധാമണി യഥാര്‍ഥ ജീവതത്തില്‍ ഇക്കാണുന്ന സൗമ്യയാണ്. വയനാട്ടിലെ ക്വാട്ടേഴ്സില്‍വെച്ച് ഒരുത്തീ സിനിമയെപ്പറ്റി വാചാലയാകുമ്പോഴും മനസില്‍ തീ ആളിക്കത്തുന്നുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് സൗമ്യ. കല്‍പറ്റ മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് ഷൈജുവിനൊപ്പം ഇപ്പോള്‍ വയനാട്ടില്‍. നാല് വര്‍ഷം മുമ്പ് കരുനാഗപ്പള്ളിയില്‍ ജോലി ചെയ്തിരുന്ന കടയില്‍നിന്ന് മടങ്ങും വഴിയാണ് പണയംവച്ച് തിരിച്ചെടുത്ത് മണിക്കൂറുകള്‍ മാത്രമായ അമ്മയുടെ മാല സൗമ്യയുടെ കഴുത്തില്‍നിന്ന് മോഷ്ടാക്കള്‍ പൊട്ടിച്ചെടുക്കുന്നത്. ഒരുനിമിഷം പോലും പകച്ചുനില്‍ക്കാതെ തന്റെ സ്കൂട്ടറുമായി സൗമ്യ മോഷ്ടാക്കളുടെ ബൈക്കിനെ പിന്‍തുടര്‍ന്നു.

ആദ്യാവസാനം തന്റെ ജീവിതാനുഭവങ്ങളോട് സിനിമ പൂര്‍ണമായി നീതി പുലര്‍ത്തിയതായും സൗമ്യ പറയുന്നു. പത്തുവര്‍ഷത്തിന് ശേഷമുള്ള മടങ്ങിവരവില്‍ നവ്യാനായര്‍ നടത്തിയ പ്രകടനം തന്നെ തന്നെ സ്ക്രീനില്‍ പ്രതിഫലിപ്പിച്ചു.കൊല്ലത്തെ സജീവ സിപിഐ പ്രവര്‍ത്തകയായ അമ്മയുടെ പാതപിന്‍പ്പറ്റി വയനാട് ജില്ലാ എഐവൈഎഫ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റാണ് സൗമ്യ ഇപ്പോള്‍. താന്‍ നടത്തിയ പോരാട്ടത്തിന്റെ കഥ ചലച്ചിത്ര രൂപത്തില്‍ സ്ത്രീകള്‍ക്കാകെ ആവേശം പകരുന്നു എന്ന സന്തോഷത്തിലാണ് ഈ യുവതി.