ഉർഫി ജാവേദിന്റെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് സംരംഭകയും ഫാഷൻ ഡിസൈനറുമായ ഫറ ഖാൻ. ഉർഫിയുടെ വസ്ത്രധാരണം ആരോചകമാണെന്നായിരുന്നു ഫറ സമൂഹമാധ്യമത്തിൽ കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി ഉർഫി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞു.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉർഫിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയിലാണ് ഫറ കമന്റ് ചെയ്തത്. ‘‘പറയുന്നതിൽ വിഷമമുണ്ട്. അരോചകമായി വസ്ത്രം ധരിക്കുന്ന ഈ പെൺകുട്ടിയെ താക്കീത് ചെയ്യേണ്ടതുണ്ട്. ആളുകൾ അവളെ നോക്കി പരിഹസിച്ച് ചിരിക്കുന്നു. എന്നാൽ ആവരുടെ ചിരി ഇഷ്ടം കൊണ്ടാണെന്ന് അവൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇക്കാര്യം അവളോട് ആരെങ്കിലും പറഞ്ഞെങ്കിൽ എന്ന് ഞാന് ആഗ്രഹിക്കുന്നു’– എന്നായിരുന്നു കമന്റ്.
ഉർഫി വളരെ രൂക്ഷമായാണ് ഇതിനു മറുപടി നൽകിയത്. ‘‘കലാവാസനയുള്ള വസ്ത്രം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കാമോ? എന്റെ വസ്ത്രധാരണം ആളുകൾ ഇഷ്ടപ്പെടുന്നില്ലെന്ന് എനിക്കറിയാം. ഞാനും ഈ ലോകത്തു തന്നെയാണ് ജീവിക്കുന്നത്. എന്നാൽ ആളുകളുടെ അഭിപ്രായം ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളുടെ ബന്ധുക്കൾ സിനിമ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ടല്ലോ. അവിടെ സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും ഐറ്റം ഡാൻസ് ചെയ്യുന്നതും കാണുമ്പോൾ അരോചകമായി തോന്നുന്നില്ലേ? ഐറ്റം ഡാൻസിൽ സ്ത്രീശരീരം ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നുണ്ട്. അപ്പോൾ കുഴപ്പമില്ലേ? മാറ്റം വേണമെങ്കിൽ അത് നിങ്ങളുടെ വീട്ടിലാണ് തുടക്കമിടേണ്ടത്. ഇത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള അനാവശ്യമായ ഇടപെടലാണ്. താരങ്ങളുടെ മക്കൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുന്നത് അരോചകമല്ല അല്ലേ. കൊള്ളാം’’– ഫറയുടെ കമന്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച് ഉർഫി കുറിച്ചു.
ഇത് കൂടാതെ അൾട്രാ മോഡേൺ വസ്ത്രം ധരിക്കുന്ന ഒരു വിഡിയോയും ഉർഫി പങ്കുവച്ചിട്ടുണ്ട്. ‘എന്റെ വസ്ത്രധാരണം ആരോചകമാണെന്ന് കമന്റ് ചെയ്ത ആന്റിമാർക്ക് ഇത് മതിയോ’ എന്നാണ് ഒപ്പം കുറിച്ചിരിക്കുന്നത്. ഫറ സ്വിംസ്യൂട്ട് ധരിച്ച് നിൽക്കുന്ന ഒരു ഫോട്ടോയും ഉർഫി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി. രണ്ടുപേരെയും അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു.
ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായതോടെ പ്രശസ്തയായി. പിന്നീട് വസ്ത്രധാരണത്തിന്റെ വിവാദങ്ങൾ സൃഷ്ടിച്ച് നിരന്തരം വാർത്തകളിൽ ഇടം നേടി.
ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സൂസെയ്ൻ ഖാന്റെ സഹോദരിയാണ് ഫറ ഖാൻ.