കുട്ടൻ തമ്പുരാൻ. ആദ്യം പേടിപ്പിച്ചും പിന്നെ സ്നേഹിച്ചും അവസാനം കരയിപ്പിച്ചും മലയാളി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം. ഹരിഹരന്‍ എന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകന്‍ ഹരിഹരന്‍ നെയ്തെടുത്ത സര്‍ഗം പലതുകൊണ്ടും ക്ലാസിക്കാകുന്നു. പ്രമേയംകൊണ്ടും അവതരണംകൊണ്ട് എക്കാലവും മലയാള സിനിമയിൽ തിളക്കത്തോടെ, തലയെടുപ്പോടെ കാലാതീതമായി നിൽക്കുന്ന ചിത്രമാണ് സര്‍ഗം. ആസ്വാദനത്തിന്റെ മറ്റൊരു തലം സമ്മാനിച്ച ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിയിട്ട് ഇന്ന് 30 വർഷം തികയുകയാണ്. സംവിധായകൻ ഹരിഹരന്റെ ജീവിതത്തെ ഉൾക്കൊണ്ട സിനിമ കൂടിയാണ് സർഗം. മലയാള സിനിമയ്ക്ക് ഒരുപാട് ഇതിഹാസ സമാന സിനിമകള്‍ സമ്മാനിച്ച ഹരിഹരന് സർഗം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അനുഭവമാണ്. 30 വർഷം പിന്നോട്ട് പോയി ആ ഓർമകൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം മനോരമ ന്യൂസ് ഡോട് കോമിനോട്:
സര്‍ഗം: ഓർമകൾ, നഷ്ടങ്ങൾ
സർഗത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ദുഃഖമായ വാർത്ത ആണ് ഓടിയെത്തുക. പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണു ഇപ്പോൾ ഇല്ല. സിനിമയുടെ നട്ടെല്ലായിരുന്നു ആ കഥാപാത്രം. നെടുമുടി ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രം വിരളമാണ്. പാട്ടുകളൊക്കെ അവതരിപ്പിച്ച രിതി ഓർക്കുമ്പോൾ വലിയ നഷ്ടബോധമാണ് തോന്നുന്നത്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ തീരാ നഷ്ടമാണ്. സർഗം ഇന്നും ചർച്ച ചെയ്യുന്ന സിനിമ എന്നതിൽ സന്തോഷം. 2014-ൽ വീണ്ടും ഗോവയിലെ ഫിലിം ഫെസ്റ്റിവലിൽ സർഗം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കേരളത്തിൽ ജനപ്രിയ ചിത്രം പോലുമല്ലായിരുന്നു സർഗം. ദേശീയ തലത്തിൽ അവാർഡ് കിട്ടി. സംസ്ഥാനത്ത് നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നുമില്ല. സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിൽ പഴശ്ശിരാജ പോലും ജനപ്രിയ ചിത്രമല്ല. കേരളത്തിലെ ആബാലവൃദ്ധ ജനങ്ങൾ കണ്ട സിനിമയാണ് പഴശ്ശിരാജ. അവാർഡ് കമ്മറ്റികൾ പക്ഷേ അംഗീകരിച്ചിട്ടില്ല. എന്റെ ഭാര്യ ആയിരുന്നു സർഗത്തിന്റെ പ്രൊഡ്യൂസർ. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ഡൽഹിയിൽ പോയി അവർ വാങ്ങി.
ആത്മകഥയല്ല. ആത്മാംശമുള്ള കഥ
ഞാൻ സംവിധാനം ചെയ്തതിൽ ഹൃദയത്തോട് ചേർത്ത് വച്ച സിനിമയാണ് സർഗം. ആത്മകഥയല്ല, പക്ഷേ ആത്മാംശം ഉള്ള കഥ. മറ്റൊന്ന് സംഗീതത്തിന് പ്രാധാന്യമുള്ള സിനിമ. പുതിയ ആളുകളെ അവതരിപ്പിച്ചു. അവരെല്ലാം പേരെടുത്തു. ഇതെല്ലാം നേട്ടം. എനിക്ക് മാത്രമല്ല. വിനീത്, മനോജ് കെ ജയൻ, ഊർമിള ഉണ്ണി, രംഭ തുടങ്ങി അഭിനയിച്ചവരെല്ലാം പേരെടുത്തു. രംഭ പിന്നീട് ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലുമെല്ലാം തിളങ്ങി. സാമ്പത്തികമായ വിജയം മാത്രമല്ല ഒരു സിനിമയുടെ നേട്ടം. ആ സിനിമയിൽ പങ്കെടുത്തവര്‍ക്കുണ്ടായ ഗുണം. അങ്ങനെ നോക്കുമ്പോൾ സര്‍ഗം വൻ വിജയമാണ്. 30 വർഷത്തിന് ശേഷവും ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ. ടിവിയിൽ ഈ സിനിമ വരുമ്പോഴൊക്കെ കാണുന്നവരുണ്ട്. ചെറുപ്പക്കാർ വരെ ഈ സിനിമയെക്കുറിച്ച് പറയുന്നു. സർഗം ടിവിയിലുണ്ടെങ്കിൽ ഹോട്ടലീന്ന് ഭക്ഷണം വാങ്ങും. കുക്ക് ചെയ്യാറില്ല. കാരണം സിനിമ മുഴുവനായി കാണണം എന്ന് പറയുന്നവരുണ്ട്. ഈ സിനിമയ്ക്ക് അഡിക്റ്റ് ആയവരുണ്ട്‍. യൂസഫലിയുടെ പാട്ടുകൾ, ബോംബെ രവിയുടെ സംഗീതം, യേശുദാസിന്റെ ആലാപനം, ഷാജി.എൻ.കരുണിന്റെ ക്യാമറ അങ്ങനെ എല്ലാംകൂടി ഒത്തുവന്നത് കൊണ്ടുള്ള ഗുണമാണ് ആ സിനിമയുടെ ഭംഗി.
കുട്ടൻ തമ്പുരാന്റെ ഹരിദാസ്; പരമേശ്വരന്‍ നമ്പൂതിരിയുടെ ഹരിഹരൻ
ഈ സിനിമയ്ക്ക് എന്റെ ജീവിതത്തിൽ പ്രചോദനമായ പല സംഭവങ്ങളുണ്ട്. നാട്ടിലെ എന്റെ കുട്ടിക്കാലവും കളിച്ച് നടന്ന വഴികളുമെല്ലാം സിനിമയിലൂടെ കാണാം. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം എന്റെ ബാല്യകാല സുഹൃത്താണ്. അദ്ദേഹത്തിന്റെ അമ്മ സുഖമില്ലാതെ കിടന്നപ്പോൾ ഹരിഹരൻ നാട്ടിൽ വന്നാൽ കാണണമെന്ന് പറഞ്ഞിരുന്നു. ഞാൻ പോകാൻ മടിച്ചു. എന്റെ അമ്മ നിർബന്ധിച്ചപ്പോഴാണ് പോയത്. ആ അമ്മയെ കാണാൻ പോകുമ്പോഴാണ് ഈ കഥ ഞാൻ ഉൾക്കൊള്ളുന്നത്.കോഴിക്കോട് കൊടുവള്ളിക്കടുത്തുള്ള മക്കാട്ടില്ലം എന്ന തറവാടാണ് സിനിമയിൽ കുട്ടൻ തമ്പുരാന്റെ വീടായി കാണിക്കുന്നത്. ഷൂട്ടിങ് സമയത്ത് രസകരമായ ഒരു ഓർമ ഉണ്ട്. മനോജ് കെ.ജയൻ കുട്ടൻ തമ്പുരാനായി മേക്കപ്പ് ചെയ്ത് വന്നിരുന്നപ്പോൾ ഒറിജിനൽ കഥാപാത്രത്തിന്റെ ബന്ധുക്കൾ അൽഭുതപ്പെട്ടു. കാരണം അതേ രൂപം. പുനർജനിച്ച് വന്നത് പോലെ. പരമേശ്വരൻ നമ്പൂതിരി എന്നായിരുന്നു പേര്. അദ്ദേഹം കളിച്ചു നടന്ന സ്ഥലത്ത് തന്നെയാണ് ഷൂട്ട്. 'നമ്മടെ പരമേശ്വരൻ അതേ മാതിരി ഉണ്ടെന്നൊക്കെ' ബന്ധുക്കൾ പറയുന്നു. ആളൊരു പോക്കിരിയായിരുന്നു. എല്ലാരും ഭയപ്പെട്ടിരുന്ന ആൾ. എന്റെ ബാല്യകാല സുഹൃത്താണ്. സ്കൂളിൽ പോകുമ്പോൾ കാണിക്കുന്നത് എല്ലാം ശരിക്കും നടന്നതാണ്. ടീച്ചറെ അടിക്കുന്നതൊക്കെ. ഞാൻ ആയിരുന്നു ആശ്രിതൻ. സിനിമയിൽ കുട്ടൻ തമ്പുരാന് ആകെ സ്നേഹം ഹരിദാസിനോട്. ജീവിതത്തിൽ പരമേശ്വരൻ നമ്പൂതിരിക്ക് ഹരിഹരനോട്. പക്ഷേ ഇതെന്റെ അനുഭവമാണെന്ന് വിനീതിനൊടൊന്നും പറഞ്ഞില്ല. പടം കഴിഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചു ഹരിദാസ് സർ തന്നെയാണോ എന്ന്. നമ്മുടെ അംശം ഉണ്ടെന്നുള്ളത് ശരിയാണ്. സിനിമയ്ക്ക് വേണ്ടി ആവശ്യമായ കാര്യങ്ങൾ ചേർന്നു. ഹരിദാസിന്റെ പ്രണയവും അതുപോലെ തന്നെ. അങ്ങനെയൊന്ന് ഉണ്ടായിരുന്നു. ഞാനാണെങ്കിലും ഒന്നുമില്ലാതെ നടന്ന കാലമായിരുന്നല്ലോ. അതൊക്കെയാകാം ഞാനും അന്ന് കുട്ടൻ തമ്പുരാന്റെ അമ്മയെ കാണാൻ പോകാൻ മടിച്ചത്. അച്ഛൻ അവസാനം പറയുന്നുണ്ടല്ലോ അറിഞ്ഞിരുന്നില്ല എന്ന്. അതൊക്കെ ശരിയാണ്. 'ഞാൻ അറിഞ്ഞില്ല്യ, നിന്റെ ഉള്ളിൽ ദേവിയുടെ കടാക്ഷം ഇത്രത്തോളം ഉണ്ടെന്ന് ഈ അച്ഛൻ അറിഞ്ഞിരുന്നില്ല' എന്ന് മകനോട് അച്ഛൻ പറയുന്നില്ലേ'. ആ ഭാഗമൊക്കെ എന്ത് ഗംഭീരമായി നെടുമുടി അവതരിപ്പിച്ചു.
താരങ്ങളില്ല, കഥാപാത്രങ്ങൾ മാത്രം
പുതുമുഖങ്ങളാണ് ഈ സിനിമയുടെ വിജയം. പരിചിത മുഖങ്ങളാണെങ്കിൽ 50 ശതമാനം നടനും ബാക്കി കഥാപാത്രവും ആണ് ആളുകളിലേക്ക് എത്തുക. ഇങ്ങനെയുള്ള സിനിമകളിൽ പ്രേക്ഷകന്റെ മനസ്സിൽ കഥാപാത്രം തന്നെ പ്രതിഷ്ഠിക്കണം. മനോജ് കെ.ജയന് കുട്ടൻ തമ്പുരാനാകാൻ ഒരുപാട് കോച്ചിങ് കൊടുത്തിട്ടാണ് അവതരിപ്പിക്കുന്നത്. ശരപഞ്ചരത്തിൽ ജയനേയും അങ്ങനെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ സ്വഭാവവും ബോഡി ലാംഗ്വേജും മനസ്സില്‍ കണ്ടാണ് ഞാൻ തിരക്കഥ എഴുതുക. എങ്ങനെ നടക്കണം, ഏത് വേഷം ധരിക്കണം, സിഗരറ്റ് എങ്ങനെ വലിക്കണം എന്നതെല്ലാം തിരക്കഥാകൃത്തും സംവിധായകനും ഉൾക്കൊണ്ടിട്ട് നടന്മാരെക്കൊണ്ട് ചെയ്യിക്കുകയാണ്. നെടുമുടി വേണുവിന്റെ കഥാപാത്രം ഒക്കെ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. കുട്ടൻ തമ്പുരാന്റെ അച്ഛനായ ശ്രീരാമന്റെ കഥാപാത്രം ഒക്കെ കൃത്യമായി അങ്ങനെ ഉൾക്കൊണ്ട് എഴുതിയതാണ്. വലിയ താരങ്ങളാണെങ്കിലും പുതുമുഖങ്ങളാണെങ്കിലും റിസ്ക് ഉണ്ട്. പണമുണ്ടാക്കുക എന്നതിലുപരി ആർക്കെല്ലാം നമ്മളെക്കൊണ്ട് ഗുണമുണ്ടാകുമെന്നാണ് ഞാൻ ചിന്തിക്കുക. പുതുമുഖങ്ങളെ പ്രചോദിപ്പിക്കുക എന്നത് വ്യവസായത്തിന്റെ ആവശ്യമാണ്.
ഇന്നും മായാതെ സർഗം; വിനീത് ഒന്നാംതരം നടൻ
സർഗം റിലീസ് ചെയ്യുന്ന സമയത്ത് ആളുകൾ ഇത് ഓടുമോ എന്നാണ് ചോദിച്ചത്. കമലദളത്തിന്റെ ഓപ്പോസിറ്റായിട്ടാണ് ഇറങ്ങിയത്. ഡിസ്ട്രിബ്യൂട്ടർ ഇതോടുമോ എന്ന് ചോദിച്ചു. ഓടുന്നില്ലെങ്കിൽ ഓടണ്ട. കമലദളത്തിന് മുന്നിലല്ലേ എന്നാണ് ഞാൻ പറഞ്ഞത്. 30 വർഷം കഴിഞ്ഞിട്ടും ഈ സിനിമയെക്കുറിച്ച് ചോദിക്കുന്നു സംസാരിക്കുന്നു. വടക്കൻവീരഗാഥയ്ക്ക് അവാർഡ് കിട്ടിയില്ലല്ലോ എന്ന് ആളുകൾ പറയുന്നു. അവാർഡ് കുറച്ച് ആളുകൾ കൂടിയിരുന്ന് തരുന്നതല്ല. വിനീതും മനോജ് കെ.ജയനുമെല്ലാം ഒന്നാംതരം നടന്മാരാണ്. പക്ഷേ അവർക്ക് നല്ല റോളുകൾ കിട്ടണ്ടേ. പണ്ടൊക്കെ നിർമാതാക്കൾ കഥയാണ് തിരഞ്ഞെടുക്കുക. എന്നിട്ട് ആര് അഭിനയിക്കണം, സംവിധാനം ചെയ്യണമെന്നൊക്കെ തീരുമാനിക്കും. ഇപ്പോൾ അതല്ലല്ലോ രീതി. മമ്മൂട്ടിയെയോ മോഹൻലാലിനെയോ വെച്ച് സിനിമ എടുക്കണം എന്നല്ലേ. ഇതാണ് പുതിയ രീതി. ഓടയിൽ നിന്ന്, അടിമകൾ എന്ന കഥകളൊക്കെ പണ്ട് സിനിമയായത് അങ്ങനെയാണ്. ഇന്നിപ്പോൾ അങ്ങനെയുള്ള സിനിമകൾ ഉണ്ടാകുന്നില്ല. അടി, ഇടി, കുത്ത് പോലത്തെ സിനിമയ്ക്ക് വിനീത് പോകുകയില്ല, വിനീതിനെക്കൊണ്ട് പറ്റുകയുമില്ല. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന് തിരക്കഥയിൽ തന്നെ ശക്തമായ പിന്തുണ ഉണ്ട്. പക്ഷേ വിനീതിന്റെ കഥാപാത്രം അഭിനയിച്ച് തന്നെ ഫലിപ്പിച്ചതാണ്. നഖക്ഷതങ്ങള്‍, പരിണയം എന്നീ സിനിമകളിലൊക്കെ വിനീത് മികച്ച അഭിനയമല്ലേ കാഴ്ച്ചവെച്ചത്. മലയാളത്തിന്റെ കമലഹാസനായിരുന്നു അയാൾ. വ്യവസായവും കലയും ചേര്‍ന്നതാണ് സിനിമ. മാറ്റത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങൾ അവർക്ക് കിട്ടുന്നില്ല.