TAGS

ടിവി ചരിത്രത്തില്‍ ഏറ്റവും മികച്ച റേറ്റിങ് നേടിയ പരമ്പരയാണ് വിൻസ് ഗില്ലിഗന്റെ സൃഷ്ടിയായ ബ്രേക്കിംഗ് ബാഡ്. വെബ് സീരീസ് ആരാധകര്‍ക്കിടയില്‍ ലോകമെങ്ങും ഏറ്റവും കൂ‌ടുതല്‍ കാഴ്ചക്കാരെ സൃഷ്ടിച്ച് റെക്കോര്‍ഡിടുകയും ചെയ്തു ബ്രേക്കിംഗ് ബാഡ്. മാത്രമല്ല മലയളികള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ഈ സീരീസിന് ലഭിച്ചത്. ബ്രേക്കിംഗ് ബാഡിലൂടെ പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്ന രണ്ട് അഭിനേതാക്കളാണ് വാൾട്ടർ വൈറ്റായി വേഷമിട്ട ബ്രയാൻ ക്രാൻസ്റ്റണും ജെസ്സി പിങ്ക്മാനായി ആരാധക മനം കവർന്ന ആരോൺ പോളും. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും ഇതേ വേഷത്തിൽ തിരിച്ചെത്തുകയാണ്.

ബ്രേക്കിംഗ് ബാഡിന്റെ സ്പിൻ ഓഫ് ആയി ഇറങ്ങിയ ബെറ്റർ കോൾ സോൾ 2015-ൽ ഇറങ്ങിയത് മുതൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഇരുവരും എപ്പോൾ ഒരുമിച്ച് വരും എന്ന ഒറ്റ കാര്യത്തിന് വേണ്ടിയായിരുന്നു. എന്തായാലും ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി എന്ന് പറയാം. ബെറ്റർ കോൾ സോളിന്റെ ഫൈനൽ സീസണായ ആറാം സീസണിലൂടെ ബ്രയാൻ ക്രാൻസ്റ്റണും ആരോൺ പോളും അഥിതി താരങ്ങളായി എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ബ്രേക്കിംഗ് ബാഡിലെ വാൾട്ടർ വൈറ്റ്, ജെസ്സി പിങ്ക്മാൻ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും സീരിസിൽ എത്തുക. ബെറ്റർ കോൾ സോളിന്റെ ഒഫീഷ്യല്‍ സോഷ്യൽ മീഡിയ പേജിലൂടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'അവർ തിരിച്ചു വരുന്നു' എന്ന അടിക്കുറിപ്പോടെ വാൾട്ടറിന്റെയും ജെസ്സിയുടെയും ചിത്രങ്ങൾ അണിയറപ്രവർത്തകർ പങ്കുവെക്കുകയും ചെയ്തു. 

"പ്രേക്ഷകരുടെ ആകാംക്ഷ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ ഷോ ആരംഭിച്ചപ്പോൾ മുതല്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം 'വാൾട്ടിനെയും ജെസ്സിയെയും ഷോയിൽ കാണുമോ?' എന്നതായിരുന്നു. അതിന് ഞാൻ ഉത്തരം നൽകുന്നു. എങ്ങനെ അല്ലെങ്കിൽ ഏത് സാഹചര്യത്തിൽ എന്നത് നിങ്ങൾ കണ്ട് തന്നെ മനസിലാക്കുക'', സീരിസിന്റെ സംവിധായകരിൽ ഒരാളായ പീറ്റർ ഗൗൾഡ് ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. 

വെബ് സിരീസുകളുടെ ചരിത്രത്തില്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിട്ടുള്ള സിരീസുകളില്‍ ഒന്നായ ബ്രേക്കിംഗ് ബാഡിന്‍റെ പ്രീക്വല്‍ ആയി 2015ലാണ് ബെറ്റര്‍ കോള്‍ സോളിന്‍റെ ആദ്യ സീസണ്‍ പുറത്തെത്തിയത്. ബ്രേക്കിംഗ് ബാഡില്‍ ബോബ് ഓഡെന്‍കേര്‍ക്ക് അവതരിപ്പിച്ച ജിമ്മി മക്ഗില്‍ (സോള്‍ ഗുഡ്‍മാന്‍) എന്ന വക്കീല്‍ കഥാപാത്രത്തിന്‍റെ സ്‍പിന്‍- ഓഫ് ആണ് ബെറ്റര്‍ കോള്‍ സോള്‍. ബ്രേക്കിംഗ് ബാഡിന്‍റെ ഒറിജിനല്‍ നെറ്റ്‍വര്‍ക്ക് ആയ എഎംസിയില്‍ തന്നെയാണ് ബെറ്റര്‍ കോള്‍ സോളും ആദ്യം പ്രീമിയര്‍ ചെയ്യപ്പെട്ടത്. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും ആരാധകരെയും നേടി. 2015ല്‍ തുടങ്ങി 2016, 2017, 2018, 2020 വര്‍ഷങ്ങളിലാണ് ആദ്യ അഞ്ച് സീസണുകള്‍ പുറത്തെത്തിയത്. ബെറ്റർ കോൾ സോളിന്റെ അവസാന സീസണാണിത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സീസണിന്റെ ആദ്യ ഏഴ് എപ്പിസോഡുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ റിലീസ് ചെയ്യും. അവസാന ആറ് എപ്പിസോഡുകൾ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പുറത്തിറങ്ങുക.