കളക്ഷൻ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ് ഉലകനായകൻ കമൽ ഹാസന്റെ വിക്രം. വെറും രണ്ട്  ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം 100 കോടി പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ വിക്രം സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ പ്രേക്ഷകരോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞ് കമൽഹാസൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.  വിഡിയോ സന്ദേശത്തിലൂടെയായിരുന്നു കമലിന്റെ പ്രതികരണം. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കമലിന്റെ വിഡിയോകള്‍ രാജ്കമല്‍ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്തത്.

തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് സൂര്യ വിക്രത്തില്‍ അഭിനയിച്ചതെന്നാണ് കമൽ വിഡിയോയിൽ പറയുന്നത്. അതിന് സൂര്യയോട് നന്ദി പറയുന്നില്ലെന്നും പകരം അടുത്ത ചിത്രത്തില്‍ മുഴുവന്‍ സമയവും തങ്ങള്‍ ഒന്നിച്ചുണ്ടാകുമെന്നും കമല്‍ പറഞ്ഞു.

‘അവസാന മൂന്ന് മിനിറ്റ് വന്ന് തിയറ്ററില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അതിന് നന്ദി പറയുന്നില്ല. അടുത്ത സിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകുന്നതായിരിക്കും.

സംവിധായകൻ ലോകേഷിന് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്‌നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയ്മിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടാവണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍,’’ കമല്‍ പറഞ്ഞു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിരയാണ് എത്തുന്നത്. റോളെക്സ് എന്ന കഥാപാത്രമായി സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്. വിക്രം അടുത്ത ഭാഗത്തിൽ കമലിനൊപ്പം മുഴുനീള വേഷത്തിൽ സൂര്യയുമുണ്ടാകും.