അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസം കൊണ്ട് 23 കോടി മാത്രം കലക്ട് ചെയ്തപ്പോൾ കമല്‍ഹാസന്റെ വിക്രം നൂറ് കോടി ക്ലബ്ബിലെത്തിയത് ബോളിവുഡിനെ ഞെട്ടിച്ചെന്നാണ് അണിയറ സംസാരം. വിക്രം, മേജർ എന്നീ സിനിമകളുടെ റിലീസ് ആണ് പൃഥ്വിരാജിന് വിനയായത്. ഇതോടെ തെന്നിന്ത്യൻ സിനിമകൾക്ക് മുന്നിൽ ബോളിവുഡ് കിതയ്ക്കുന്ന കാഴ്ച പതിവാവുകയാണ്. നാലാം ദിനത്തിൽ സാമ്രാട്ട് പൃഥ്വിരാജ് 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയിൽ മാത്രമാണ് കലക്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രം വലിയ പരാജയത്തിലേക്കു നീങ്ങുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അതേസമയം ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത സോനു സൂദും ചിത്രത്തിന് ലഭിക്കുന്ന കലക്ഷനിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 'ഞങ്ങളെ ഏറ്റടുക്കുന്ന പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. എന്നാൽ പ്രതീക്ഷിച്ചത്ര ബിസിനസ്സ് ഈ ചിത്രത്തിന് ലഭിച്ചില്ലായിരിക്കാം, പകർച്ചവ്യാധിക്ക് ശേഷം കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണെന്ന് ഞങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. അത് മനസ്സിലാക്കിയേ പറ്റൂ. എങ്കിലും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിലും ആവേശത്തിലും ഞാൻ സന്തുഷ്‌ടനാണ്'. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോനു സൂദ് പറഞ്ഞു

ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ വലിയ പ്രതീക്ഷകളോട് കൂടി തിയേറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെ നേടിയത് നാലപ്പത്തി അഞ്ചു കോടി രൂപ മാത്രമാണ്. സാറ്റലൈറ്റ്, ഓവർസീസ്, ഒടിടി തുക ലഭിച്ചാൽ പോലും ചിത്രം വലിയ നഷ്ടം നേരിടും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 10.70 കോടി, 12.60 കോടി, 16.10 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ആയി ആദ്യ മൂന്ന് ദിവസങ്ങളിൽ ഭേദപ്പെട്ട പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് ചിത്രം ബോക്സ്ഓഫീസിൽ തകർന്നടിയുകയായിരുന്നു. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ലഭിച്ച തുക ഉള്‍പ്പെടെ കണക്കാക്കിയാല്‍ പോലും ചിത്രം 100 കോടി രൂപ നഷ്ടം നേരിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബോക്‌സ്ഓഫിസ് കലക്‌ഷനിലും സാമ്രാട്ട് പൃഥ്വിരാജിന് നേട്ടം കൊയ്യാനാവുന്നില്ല. ഞായറാഴ്ച കലക്‌ഷൻ കൂടി നോക്കിയാൽ ഏകദേശം 39 കോടികലക്ട് ചെയ്തിട്ടുണ്ടാകാമെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നു. അതേസമയം വിക്രമിന്റെ ആഗോള കലക്‌ഷൻ 150 കോടിക്കും മുകളിലാണ്.

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ തെലുങ്ക് ചിത്രം മേജര്‍ തിയറ്ററില്‍ തുടരുമ്പോള്‍ കമല്‍ഹാസന്‍ ചിത്രം വിക്രം ബോക്‌സ്ഓഫിസ് തേരോട്ടം നടത്തുകയാണ്. കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം.