പ്രേംനസീറിന്‍റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളത്തിന് ഇന്ന് തൊണ്ണൂറ്റൊന്നാം പിറന്നാള്‍. അഞ്ചുചിത്രങ്ങളില്‍ മാത്രം അഭിനിയിച്ച് അഭിനയരംഗം വിട്ട കോമളം ഇന്ന് കുടുംബ വീട്ടില്‍ വിശ്രമജീവിതത്തിലാണ്. പിറന്നാളാഘോഷം ക്ഷേത്രദര്‍ശനത്തിലൊതുങ്ങും.

നെയ്യാറ്റിന്‍കര വഴുതൂരിലെ ഈ തറവാട്ടില്‍ കാണാനെത്തുന്നവരെ ചൈതന്യത്തോടെ സ്വീകരിക്കുന്നു നെയ്യാറ്റിന്‍കര കോമളം. മലയാളത്തിലെ ആദ്യ വനചിത്രമായ വനമാലയിലൂടെയാണ്  കോമളം സിനിമയിലെത്തിയത്. കോമളത്തിന്‍റെ മുന്നാമത്തെ ചിത്രമായ മരുകളില്‍ അബ്ദുള്‍ഖാദറെന്ന പ്രേം നസീര്‍ ആദ്യമായി നായകനായി.തൊണ്ണൂറ്റൊന്നാംവയസ്സിലും  ആ ഓര്‍മകള്‍ക്ക് ഇന്നും തിളക്കം. വനമാലയ്ക്ക് ശേഷം ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പര്‍ബോയി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 1955 ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ആവിഷ്കാരത്തില്‍ ഏറെ ശ്രദ്ധനേടി. പി രാമദാസ് സംവിധാനം ചെയ്യ്ത ഈ ചിത്രത്തില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലാണ് കോമളം എത്തിയത്. 

40 വര്‍ഷം മുമ്പ് ഭര്‍ത്താവ് ചന്ദ്രശേഖരമേനോന്‍ മരിച്ചു. മക്കളില്ലാത്ത കോമളം  സഹോദരന്‍റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയത്. നസീറിന്‍റെ ആദ്യ നായിക എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ കോമളത്തിന് 26 വര്‍ഷം മുമ്പ് താരസംഘടയായ അമ്മയില്‍ അംഗത്വം ലഭിച്ചു. മോഹന്‍ലാലിനെ ഏറെ ഇഷ്ടം. ഒടുവില്‍ കണ്ട ചിത്രവും ലാല്‍ നെയ്യാറ്റിന്‍കര ഗോപനെന്ന വേഷത്തിലെത്തിയ ആറാട്ട്.  ജന്‍മദിനത്തില്‍ വലിയ ആഘോഷമൊന്നുമില്ല ശിവഭക്തയായ കോമളം തൊട്ടടുത്ത കൂട്ടപ്പന മഹാദേവര്‍ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കും.