മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമയാണ് സിദ്ധിഖ്–ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഗോഡ്ഫാദര്‍. അതിലെ ഓരോ രംഗങ്ങളും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണെന്ന് പറയാം. അഞ്ഞൂറാനെയും ആനപ്പാറേല്‍ അച്ഛമ്മയെയും ഒക്കെ മറക്കാന്‍ ആര്‍ക്കാണ് ആകുക. ഇപ്പോഴിതാ ഈ സിനിമയുടെ ഒരു പുനരാവിഷ്ക്കാരമാണ് ശ്രദ്ധേയമാകുന്നത്. കുറച്ച് കുട്ടിത്താരങ്ങള്‍ ചേര്‍ന്ന് തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് ഇതില്‍. കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ട് നടന്ന അതേ വീട്ടില്‍ വച്ചാണ് ഈ റീമേക്കും ഷൂട്ട് ചെയ്തിരിക്കുന്നത്. അച്ഛമ്മയും അഞ്ഞൂറാനും രാമഭദ്രനും സ്വാമിനാഥനും മാലുവും മായിന്‍കുട്ടിയും തുടങ്ങി എല്ലാ കഥാപാത്രങ്ങളായും ഗംഭീരപ്രകടനമാണ് കുട്ടികള്‍ കാഴ്ച വച്ചിരിക്കുന്നത്. അഖില്‍ മാടായിയാണ് ഈ റീമേക്ക് ഒരുക്കിയിരിക്കുന്നത്. സാമ്പത്തികലാഭം പ്രതീക്ഷിച്ചല്ല, കുട്ടികള്‍ക്ക് ഒരു ചവിട്ടുപടി എന്ന നിലയിലാണിത് ചെയ്യുന്നതെന്നും വൈറലാകുന്നതില്‍ സന്തോഷമെന്നും പറയുകയാണ് അഖില്‍ മാടായി മനോരമ ന്യൂസിനോട്.
ഗോഡ്ഫാദര്‍ ഞങ്ങളുടെ നാലാമത്തെ റീക്രിയേഷന്‍ വിഡിയോ ആണ്. സൊല്ലാതെ മനവും സൊല്ലും, വിയറ്റ്നാം കോളനിയിലെ പാട്ട്, വാല്‍സല്യം എന്നിവയാണ് ഇതിന് മുമ്പ് ചെയ്തത്. ഒരു സിനിമ മുഴുവന്‍ 10 മിനിട്ടിനുള്ളില്‍ പുനരാവിഷ്ക്കരിക്കും. തുടക്കം മുതല്‍ അവസാനം വരെ കണ്ടിന്യുറ്റി നഷ്ടമാകാതെ എഡിറ്റ് ചെയ്യും. ഒരു മാസം കൊണ്ടാണ് കുട്ടികളിത് പഠിക്കുന്നത്. ചിത്രീകരണ സമയത്ത് കുട്ടികള്‍ക്കോ എനിക്കോ വേറൊരു സ്ക്രീന്‍ വച്ച് നോക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ എഡിറ്റിങ്ങിന് പരിധിയുണ്ട്. കുട്ടികളുടെ പ്രകടനം തന്നെയാണ് വിഡിയോകള്‍ മികച്ചതാക്കുന്നത്. കളര്‍ ടോണ്‍ എല്ലാം എഡിറ്റ് ചെയ്ത് ആ സിനിമകളിലെപ്പോലെ ആക്കുന്നതാണ്. ഇനി ചെയ്യാനിരിക്കുന്നത് നന്ദനം സിനിമയുടെ റീമേക്കാണ്. പിന്നെ മലയാള സിനിമ നിര്‍ത്തി മറ്റ് ഭാഷകളിലെ സിനിമകള്‍ ചെയ്യും. കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ അതാണ് നല്ലത്. അഖില്‍ പറയുന്നു.
യാതൊരു സാമ്പത്തികലാഭവും പ്രതീക്ഷിച്ചല്ല ഇത് ചെയ്യുന്നത്. കോപ്പിറൈറ്റ് ഉള്ളത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞങ്ങള്‍ക്ക് വരുമാനം ഒന്നും ലഭിക്കില്ല. പക്ഷേ കഴിവുള്ള കുട്ടികള്‍ക്ക് ഉയര്‍ന്നുവരാനൊരു മാര്‍ഗം എന്ന രീതിയിലാണ് ഇത് ചെയ്യുന്നത്. ഷോര്‍ട്ട് ഫിലിമും റീല്‍സും ചെയ്താല്‍ പെട്ടെന്ന് കുട്ടികളെ തിരിച്ചറിയണമെന്നില്ല. ഇങ്ങനെയൊന്നാകുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടും. ഫെയ്സ്ബുക്കില്‍ എനിക്ക് ദിവസേന നിറയെ കുട്ടികളുടെ അപേക്ഷ വരാറുണ്ട്. അതില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ ചെയ്യുന്ന വിഡിയോകള്‍ക്ക് സ്പോണ്‍സര്‍മാര്‍ ഒന്നുമില്ല. മാതാപിതാക്കളുടെ കൂട്ടായ്മയാണ് ചിലവുകളെല്ലാം എടുക്കുന്നത്. യുട്യൂബിലടക്കം മില്യണ്‍ കാഴ്ചക്കാരുണ്ടെങ്കിലും സ്പോണ്‍സര്‍ ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. വിഡിയോ കണ്ട് പലരും കുട്ടികളെ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഒരു പ്രോല്‍സാഹനവും സഹകരണവും എവിടെ നിന്നും ഉണ്ടാകുന്നില്ല. വാല്‍സല്യം റീക്രിയേറ്റ് ചെയ്തപ്പോഴും ഈ വിഡിയോയും നടന്‍ സിദ്ധീഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അത് സന്തോഷമെന്നും അഖിലിന്റെ വാക്കുകള്‍.
പൂക്കാലം വന്നു എന്ന ഗാനത്തില്‍ മുകേഷ് ധരിച്ച അതേ ഷര്‍ട്ട് കിട്ടാത്തത് കൊണ്ട ്കറുത്ത ഷര്‍ട്ടില്‍ പെയിന്റ് അടിച്ചാണ് ഉപയോഗിച്ചതെന്ന് ആ കഥാപാത്രം ചെയ്ത നിവിന്റെ അച്ഛന്‍ വിനീത് പറയുന്നു. 'കോഴിക്കോട് വച്ചായിരുന്നു ചിത്രീകരണം. അതേ വീട്ടില്‍ വച്ച് തന്നെയായിരുന്നു ഷൂട്ട്. പല ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ വച്ചാണ് ചിത്രീകരിച്ചത്. മുകേഷിന്റെ വേഷം ചെയ്ത നിവിനും ഇന്നസെന്റിന്റെ വേഷം ചെയ്ത നിവേകും എന്റെ മക്കളാണ്. നിവിന്‍ ആറാം ക്ലാസിലും നിവേക് മൂന്നാം ക്ലാസിലും പഠിക്കുന്നു. നിവിന്‍ ആറാട്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും വേഷമിട്ടു. ഓ മൈ ലൈല എന്ന സിനിമയില്‍ ആന്റണി വര്‍ഗീസിന്റെ ചെറുപ്പമായി എത്തുന്നതും നിവിനാണ്'. അച്ഛന്‍ വിനീത് പറയുന്നു.
ദേവനന്ദ, മാധവ് കൃഷ്ണ, അനയ് കൃഷ്ണ, തന്‍വി റിജോയ്, സൂര്യകിരണ്‍ എസ് ഷാബു, ശാവണ്‍ കൃഷ്ണ, നിവിന്‍ നായര്‍, നിവേക് നായര്‍, സിയോണ ഷാജി, റയാന്‍ റോബിന്‍, രഞ്ജിത് രമേശ്, മിലന്‍ ജയകുമാര്‍, മിലന്‍ ജയകുമാര്‍, ജാന്‍വി വല്‍സരാജ്, ശ്രേയ ശ്രീകുമാര്‍, അവനീത് ജെ മേനോന്‍, നിവേദ് കെ എന്നിവരാണ് വിവിധ കഥാപാത്രങ്ങളായി എത്തുന്നത്.