തല്ലുമാലയും അതിലെ ‘തച്ചുണ്ടാക്കിയ ചങ്ങായിമാരും’ കേരളമാകെ ചെറുപ്പക്കാരുടെ ഇഷ്ടപ്പട്ടികയില്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. തല്ലുകഥയിലെ പാട്ടുകളോടുമുണ്ട് ഈ മുഹബ്ബത്ത്. മണവാളന്‍ വസീമും ബീപാത്തുവും കൂട്ടരും തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ആ പാട്ടുകള്‍ സമ്മാനിക്കുന്നത് വേറിട്ടൊരു അനുഭവതലം. തല്ലുമാലയിലെ എല്ലാ ഗാനങ്ങളും തന്നെ റീലുകളായും യൂട്യൂബിലും സൂപ്പർ ഹിറ്റാണ്. എന്നാല്‍ തല്ലുമാല കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ഒരു പാട്ടുണ്ട്.  ചടുലതാളത്തിനൊപ്പിച്ച് മലബാറിന്റെ ഭാഷാശൈലിയില്‍ കോർത്തിണക്കിയ 'എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ' എന്ന് തുടങ്ങുന്ന മണവാളന്‍ തഗ്ഗ്. തല്ലുമാലയുടെ പ്രമോ സോങ്ങായ ഈ പാട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റീലുകളിലും യൂട്യൂബിലും ട്രെന്‍ഡിംങ്ങായും തുടരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മില്യണ്‍ വ്യൂസും റിയാക്ഷന്‍ വിഡിയോകളും വരെയെത്തി. കേരളക്കരയെ ഇളക്കിമറിച്ച ഈ പാട്ടിന് പിന്നില്‍  ഹിപ്ഹോപ് ഗായകന്‍ ഡബ്സീയും, റാപ്പര്‍ എസ് എയും ബേബി ജീനുമാണ്. 'മനുഷ്യര്‍' എന്ന ബാന്‍ഡ് അംഗമായ മുഹമ്മദ് ഫാസില്‍ എന്ന ഡബ്സീ തല്ലുമാലയിലെ എന്‍ട്രിയെപറ്റി മനോരമന്യൂസ് ഡോട്ട്കോമുമായി സംസാരിക്കുന്നു.

 

സിനിമയിലില്ലാത്ത ട്രെന്‍ഡിംഗ് സോങ്

ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മണവാളന്‍ തഗ്ഗ് ഒരു പ്രമോഷനല്‍ ട്രാക്കായി ചെയ്തതിനാലാണ് സിനിമയില്‍ കാണാഞ്ഞത്. സിനിമയുടെ സെന്‍സറിങ്ങും മറ്റും കഴിഞ്ഞ ശേഷമാണ് ടീം ഈ പാട്ട് കേള്‍ക്കുന്നത്. ഏകദേശം പത്തു ദിവസം കൊണ്ട് ചെയ്തെടുത്ത ട്രാക്കാണിത്. ഇപ്പോള്‍ റീലുകളിലും സോഷ്യല്‍ മീഡിയയിലും പാട്ട് നിറയുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. യുഎഇയിലും പാട്ട് ഹിറ്റായെന്നതും സന്തോഷമാണ്. 

തല്ലുമാലയിലേക്ക് എത്തിയത്

പാട്ടിന്‍റെ നാലു വരി ഞാന്‍ ആദ്യമേ എഴുതി വച്ചതായിരുന്നു. ധാരാളം ട്രാക്കുകള്‍ കണ്‍സ്ട്രക്ട് ചെയ്തു വയ്ക്കുന്നതിന്‍റെ കൂട്ടത്തില്‍ ഒന്നായിരുന്നു ഇതും. അത് തല്ലുമാല ടീമിലെ ഒരാള്‍ കേള്‍ക്കാനിടയായി. പിന്നീട് റഹ്മാനിക്കയും മുഹ്സിനിക്കയും എന്നെ വിളിക്കുകയായിരുന്നു. ആദ്യം എഴുതിവച്ച മലബാറി സ്ലാങ്ങും സ്വാഗുമാകാം അവരെ കണക്ട് ചെയ്തത്. പിന്നീട് ആ ട്രാക്കില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. എംഎച്ച്ആര്‍ ആണ് പാട്ടിന്‍റെ ബീറ്റ് ചെയ്തത്. ബീറ്റ് ചെയ്ത് കഴിഞ്ഞാണ് കംപോസ് ചെയ്തത്. മുഹ്സിനിക്കയും ജിംഷിക്കയും റഹ്മാനിക്കയുമെല്ലാം മാസ്റ്റേഴ്സാണ്. ഇതുപോലെ പ്രൂവ്ഡ് ആയിട്ടുള്ള കിടിലന്‍ ആര്‍ടിസ്റ്റുകളുടെ സപ്പോര്‍ട്ട് തന്നെ വലിയ കാര്യമാണ്. 

മണവാളന്‍ തഗ്ഗും റാപ്പും

മലബാറി സ്ലാങ്ങില്‍ പാട്ടുകള്‍ മുന്‍പും ചെയ്തിട്ടുണ്ട്. തല്ലുമാലക്ക് വേണ്ട കണ്ടന്‍റ് ഈ പാട്ടിനുള്ളതുകൊണ്ടാകാം അവര്‍ വിളിച്ചത്. ഞാന്‍ എഴുത്തും കൂടെ ചെയ്യുന്നത് വളരെ ഗുണകരമായി തോന്നി. ‌റാപ്പര്‍ എസ് എയുടെ പൊട്ടന്‍ഷ്യലും പാട്ടിനെ ഒരുപാട് സഹായിച്ചു. ഭാഷയുടെ ബാരിയര്‍ തകര്‍ത്ത് പുറത്തുള്ളവരെ കൂടി കണക്ട് ചെയ്യാന്‍ അത് ആവശ്യമാണ്. എന്‍റെ പാട്ടുകള്‍ രണ്ട് തരം ഓഡിയന്‍സിലേക്കെത്തിയാല്‍ ഞാന്‍ ഹാപ്പിയാണ്. ഒന്ന് കുട്ടികള്‍, രണ്ട് ഒരു നാല്പതുവയസ്സ് കഴിഞ്ഞവര്‍. – ഇവര്‍ക്ക് കണക്ടായാല്‍ എല്ലാവര്‍ക്കും കണക്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എസ്എയും ഞാനും ഒന്നിച്ച് ഇതിനു മുന്‍പും വര്‍ക്ക് ചെയ്തിട്ടുണ്ട്. പതിനഞ്ചോളം പാട്ടുകള്‍ ചെയ്തുവച്ചിട്ടുണ്ട്. മണവാളന്‍ തഗ്ഗില്‍ ബേബി ജീനും കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ബേബി ജീന്‍ കോസ്റ്റ്യൂം ഡിസൈനറും റാപ്പറും കൂടെയാണ്. സുഹൈല്‍ ബക്കറടക്കം സൗത്ത് സൈഡ് ഹിപ്ഹോപിലെ കുറച്ചധികം പേര്‍ ഇതില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ടീം വര്‍ക്ക് നന്നായെന്ന് പറയാം. 

ആ 'സെരി' നൈക്ക് ഷൂസ് മാത്രമല്ല...

മലബാറി സ്ലാങ് പാട്ടിന് ആവശ്യമായിരുന്നു. ആ ശൈലി എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്നതല്ല. മലബാറി പാട്ട് ചെയ്യുമ്പോള്‍ ആ സ്ലാങ്ങിനെ കൂടുതല്‍ പേരിലെത്തിക്കുക, സ്വീകാര്യത കിട്ടുകയെന്നതാണ് ഒരു കാര്യം. ഒരു ആന്തം എന്ന കണ്‍സപ്റ്റാണ് ഞാന്‍ ഈ പാട്ടില്‍ കണ്ടത്. മലബാറുകാര്‍ക്ക് കണക്ടാകുന്ന കോമണായ ചില കാര്യങ്ങളുണ്ട്. അതൊക്കെയാണ് ഈ പാട്ടിലും. മാത്രമല്ല, ഇന്നത്തെ കാലത്ത് എല്ലാവരും അവരുടെ ഇഷ്ടത്തിലുള്ള വേഷങ്ങള്‍ ധരിക്കാന്‍ താല്‍പര്യമുള്ളവരാണ്. 'സുഗ്ഗുണ്ടയുമൊരു സെരിയുണ്ട്' എന്നതില്‍ എല്ലാവരും വിചാരിക്കുന്നത് അത് നൈക്ക് ബ്രാന്‍ഡ് റഫറന്‍സെന്നാണ്. പക്ഷെ, അതിന് എഴുത്തുകാരന്‍ എന്ന നിലയില്‍ മറ്റൊരു അര്‍ഥമാണ് ഞാന്‍ കണ്ടത്. ഏത് ജെന്‍ഡറില്‍ പെട്ട ആളായിക്കോട്ടെ, അയാള്‍ മനസ്സിന് ഇഷ്ടമുള്ള ഒരു വേഷം ധരിക്കുന്നതിനെ എതിര്‍ക്കുന്നവരുണ്ട്. പക്ഷെ, ഒരാള്‍ എന്ത് ധരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്, ഒരാളുടെ സ്വാതന്ത്ര്യമാണ്. അതില്‍ ശരിയുണ്ട് എന്ന അര്‍ഥമാണതിന്. 

‘മനുഷ്യരെ’ കുറിച്ച്?

റാപ്പര്‍ എസ് എ, ജോക്കര്‍, ഡബ്സീ എന്ന മൂന്നു വോക്കലുകള്‍, പ്രൊഡ്യൂസര്‍ സിംഹക്കുട്ടി, വൈഷ്ണവ് തുടങ്ങി 8 പേര്‍ ചേരുന്നതാണ് 'മനുഷ്യര്‍'. 'മനുഷ്യരു'ടെ ഒരു രീതി ഫോക് മ്യൂസിക് ചേരുന്നതാണ്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് – നമ്മള്‍ ഒന്നും ക്രിയേറ്റ് ചെയ്യുന്നില്ല, എല്ലാം നമുക്ക് ചുറ്റുമുണ്ടെന്നാണ്. അതിനെ നമ്മുടെ രീതിയില്‍ എലമെന്‍റ്സ് ചേര്‍ത്ത് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. ചുറ്റുമുള്ള ഓരോ ടോണ്‍സുകളും ഓരോ എലമെന്‍റുകളുമായി ബ്ലെന്‍ഡ് ചെയ്യുകയാണ്. മാത്രമല്ല, പൊളിറ്റിക്സ് പറയുന്ന പാട്ടുകളാണ് മനുഷ്യരുടേത്. എന്‍റെ പൊളിറ്റിക്സ് മനുഷ്യര്‍ എന്നതാണ്. ജാതിയും, നിറവും, കുലവും ഏതായാലും എല്ലാം മനുഷ്യരാണ്. ഞാനടക്കം എനിക്ക് ചുറ്റുമുള്ളവരെല്ലാം ഏതെങ്കിലും തരത്തില്‍ വേര്‍തിരിവ് അനുഭവിച്ചവരാകാം. മനുഷ്യന്‍, മാരിജന്‍ തുടങ്ങിയ പാട്ടുകളെല്ലാം ഇത്തരം വേര്‍തിരിവുകള്‍ക്കെതിരെയാണ്. തെറ്റ് ചെയ്യുന്നവര്‍ ആരായാലും അവരെ മാത്രമാണ് ലക്ഷ്യമിടുന്നത്. വാക്കുകളിലൂടെയും പാട്ടുകളിലൂടെയും സമൂഹത്തില്‍ മാറ്റം സാധിക്കുമെങ്കില്‍ അത് നല്ലത്. 

കേരളത്തിന്‍റെ ഹിപ് ഹോപ് സ്പേസ്

കേരളത്തിലായാലും ഇന്ത്യയിലായാലും മെയിന്‍സ്ട്രീം എന്‍റര്‍ടെയ്ന്‍മെന്‍റ് സിനിമ തന്നെയാണ്. ഇന്‍ഡിപന്‍റന്‍ഡ് ആര്‍ടിസ്റ്റുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലെ പാട്ടുകള്‍ മാത്രമാണ് പ്രധാനമായും മുന്‍പ് എല്ലാവരും കേട്ടിരുന്നത്. അതിലൊരു മാറ്റം ആര്‍ടിസ്റ്റുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ വന്നിട്ടുണ്ട്. കേരളത്തില്‍ ടാലന്‍റഡായ ഒരുപാട് റാപ്പേഴ്സും, ഗായകരുമൊക്കെയുണ്ട്. അതിന് സ്വീകാര്യത കിട്ടണം. സിനിമയില്‍ കംപോസിങ്ങിനും ലിറിക്സിനുമൊക്കെ പല ആളുകളുണ്ടാകും. ഇന്‍ഡിപെന്‍ഡറ്റ് ഹിപ് ഹോപ്പേഴ്സിന്‍റെ ഒരു ഗുണം മള്‍ട്ടി ടാലന്‍റാണ്. കേരളത്തില്‍ തന്നെ ഇപ്പോള്‍ 100ലധികം റാപ്പേഴ്സുണ്ട്. മറ്റ് മ്യൂസിക് ഡയറക്ടര്‍മാരുടെ സഹായത്തോടെ ആണെങ്കിലും ഇന്‍ഡിപന്‍റ്ന്‍ഡ് മ്യുസിഷന്‍സിന് ഇപ്പോള്‍ അവസരങ്ങള്‍ കിട്ടുന്നുണ്ട്. പക്ഷെ, കേരളത്തില്‍ അവര്‍ക്ക് വളരണമെങ്കില്‍ പ്രൊഡക്ഷന്‍ സൈഡ് ഇനിയും മെച്ചപ്പെടാനുണ്ട്. കേരളത്തില്‍ ലേബലുകളുടെ അഭാവം നല്ല രീതിയിലുണ്ട്. 

'ഡബ്ബ പാടും, ഇങ്ങള് കേക്ക്' 

ഡബ്ബ എന്നായിരുന്നു എന്നെ കൂട്ടുകാര്‍ വിളിച്ചിരുന്നത്. ഇപ്പോഴും അടുത്ത സുഹൃത്തുക്കളൊക്കെ ഡബ്ബ എന്നു തന്നെ വിളിക്കുന്നത്. അതാണ് ഡബ്സീ ആയത്. 6 വര്‍ഷത്തോളം ഞാന്‍ ട്രാവല്‍ കണ്‍സള്‍ട്ടന്‍റായി യുഎഇയില്‍ വര്‍ക്ക് ചെയ്തിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് പാട്ടിലേക്ക് തന്നെ വന്നു. രണ്ട് വര്‍ഷമായി പാട്ടിന് പിന്നാലെയാണ്. 

വിമര്‍ശനങ്ങള്‍

ചെറിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വരാറുണ്ട്. കലയെ അറിയാന്‍ ശ്രമിക്കാതെ ഒരാളുടെ വസ്ത്രവും രൂപവും മാത്രം വച്ച് അളക്കുന്നത് ശരിയല്ലല്ലോ? അങ്ങനെ വിമര്‍ശിക്കുന്നവരുണ്ട്. ആറ്റിറ്റ്യൂഡിന്‍റെ പ്രശ്നമാണ്. പുതിയതിനെ അംഗീകരിക്കാനുള്ള മനസ്സ് വേണം. അതൊക്കെ മാറുമെന്നാണ് വിശ്വസിക്കുന്നത്.

വരാനിരിക്കുന്ന പാട്ടുകൾ 

ജിജു അശോകന്‍റെ 'പുള്ളി' എന്ന സിനിമയുടെ പശ്ചാത്തല സംഗീതം 'മനുഷ്യര്‍' ചെയ്തിട്ടുണ്ട്. ഒരു മാസത്തിന് ശേഷം ടീസറും ട്രെയിലറും റിലീസ് ചെയ്യും. മലബാറിന്‍റെ ഈ ഒരു വൈബില്‍ തന്നെ മറ്റൊരു പരിപാടിയും ഉടന്‍ വരും.

ടൊവിനോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമാണ് നേടുന്നത്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും തിരക്കഥ. ഷൈൻ, ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, ലുക്മാൻ, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍