മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ എന്ന ചിത്രത്തിന് ആശംസയുമായി സൂര്യയുടെ ട്വീറ്റ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ‘സിനിമയുടെ കഥയും അതിനായി ജിയോ ബേബിയും മമ്മൂട്ടിക്കമ്പനിയും എടുക്കുന്ന ഒരോ നീക്കങ്ങളും ഏറെ മികച്ചതാണെന്നും മമ്മൂക്കയ്ക്കും ജ്യോതികയ്ക്കും എല്ലാ ആശംസകളും.’ താരം കുറിച്ചു. ഭാര്യ ജ്യോതികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് സൂര്യ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
ജിയോ സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം തിരുവനന്തപുരം രാജ്യാന്തര മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20ന് കൊച്ചിയിൽ ആരംഭിക്കും. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.