മലയാള സിനിമകൾ തിയറ്ററുകളിൽ നിറയുമ്പോൾ വിചിത്രമായൊരു ജോണറിലുള്ള സിനിമയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അച്ചു വിജയൻ. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രം കാണികളെ പിടിച്ചിരുത്തുന്ന സിനിമ കൂടിയാണ്. തന്റെ ‘വിചിത്ര’മായ സിനിമാ അനുഭവം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് നടി ജോളി ചിറയത്ത്.
വിചിത്രമായ കഥ
വിചിത്രത്തിന്‍റെ കഥതന്നെ പ്രത്യേക ജോണറിലുള്ളതാണ്. സസ്പെന്‍സും, റൊമാന്‍സും, ഫാമിലിയും, ത്രില്ലറും, ഹൊററും എല്ലാം അടങ്ങിയ ഒന്നാണ് സിനിമ. ഒരു പ്രേക്ഷക എന്നതിലും അഭിനയിച്ചയാള്‍ എന്നതിലും സിനിമയുടെ മേക്കിങിലും ക്യാമറയും മ്യൂസിക്കുമെല്ലാം ഗംഭീരമായി തോന്നി. വിചിത്രമായൊരു മാനസികാവസ്ഥയില്‍ നമ്മളെ പിടിച്ചിരുത്തും എന്നതാണ് സിനിമയുടെ പ്രത്യേകത. അമ്മയ്ക്കു വിപരീതമായി കുറച്ച് മക്കളുണ്ട്. അഞ്ചുമക്കളും വ്യത്യസ്തരാണ്.
2013–2022 കാലം
സിനിമ പഠിക്കണമെന്ന ആഗ്രഹത്തോടെയാണ് സഹസംവിധായകയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അന്നത്തെ കാലത്ത് വരുമാനം ഒന്നുമില്ല. ഇന്നത്തെ കാലത്തും നാമമാത്രമായാണ് കിട്ടുന്നത്. പിന്നീട് അപ്രതീക്ഷിതമായാണ് അങ്കമാലി ഡയറീസ് സംഭവിക്കുന്നത്. അതിന് ശേഷം പിന്നെ സിനിമകളുണ്ടായിരുന്നു. സെറ്റിനകത്ത് ഇപ്പോള്‍ ഒത്തിരി മാറ്റങ്ങളുണ്ട്. പുതുമുഖങ്ങളുടെ വരവ് കുറച്ചുകൂടി സൗഹാര്‍ദപരമാക്കി. സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. ക്യാമറ യൂണിറ്റിലും, ഫൈറ്റുകളിലും സ്ത്രീകള്‍ ഉണ്ടെന്ന് അറിയുന്നതില്‍ സന്തോഷം. എന്നിരുന്നാലും മറ്റു ഇന്‍ഡിസ്ട്രിയിലെ പോലത്ര എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. സ്ത്രീകൾ കൂടിയാല്‍ ജോലിഭാരവും കുറയും. മാറ്റങ്ങള്‍ മലയാള സിനിമയിലുണ്ട്, എന്നിരുന്നാലും ഇനിയും മാറാനുണ്ട്.
'കൂലി കൊടുക്കുന്നത് ഔദാര്യമല്ല'
സിനിമയ്ക്ക് അകത്തും പ്രശ്നങ്ങളുണ്ട്. പരാതി പറയാനും നടപടി സ്വീകരിക്കാനും കഴിയുന്ന ഒരു സിസ്റ്റം വന്നാല്‍ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ. പലര്‍ക്കും ജോലി പോകുമോ എന്നൊരു പേടിയുണ്ട്. പണിയെടുത്തിട്ട് കൂലി ചോദിക്കുന്നത് തൊഴില്‍ നഷ്ടപ്പെടാനുള്ളൊരു ഇടപാടായിട്ടാണ് സിനിമയ്ക്ക് അകത്തുള്ളത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും നിരക്കാത്ത കാര്യമാണ് ഇതെന്ന് മനസിലാക്കിയില്ല എങ്കില്‍ അപകടമാണ്. ഇത് ആര് ആരോട് ചെയ്താലും നമ്മള്‍ ഇടപെടണം. ഏതു മേഖലയില്‍ ആയാലും ജോലി ചെയ്താല്‍ കൂലി കൊടുക്കുക എന്നത് ആരുടെയും ഔദാര്യമല്ല, അവകാശമാണ്. സിനിമയക്ക് അകത്ത് സ്വാധീനം ഇല്ലാത്ത ആളുകൾക്കും ജോലി ചെയ്താൽ കൂലി കിട്ടണം. കോടികളോ ലക്ഷങ്ങളോ വാങ്ങുന്നവരല്ല ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുക. ദിവസക്കൂലിക്കാർക്കും പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കുമാണ് പ്രശ്നം. ഇതുപോലുള്ളവരെയും പരിഗണിക്കേണ്ടിയിക്കുന്നു.
'ഷൈനിന്റേത് തമാശയല്ല'
ഷൈന്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പൊതു സമൂഹത്തിൽ നിൽക്കേണ്ട ആളാണ്. വ്യക്തിപരമായി സ്ത്രീകൾ മുന്നോട്ടു വരണമെന്ന് വിചാരിക്കുന്ന വ്യക്തിയാണ് ഷൈൻ എന്നാണ് കരുതുന്നത്. വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മാത്രമേ സംവിധായകയായി ഒള്ളു, ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അപകടകരമായ ഇത്തരം സംസാരങ്ങൾ ഉണ്ടാകുന്നത്. സ്വയം മനസിലാക്കാത്തതിന്റെ തകരാർ കൂടിയാണിത്. മനുഷ്യരെ കുറിച്ചുള്ള ധാരണയാണ് ഷൈൻ വിളിച്ചുപറഞ്ഞത്.
ഷൈനിന്റെ ഒരു പ്രകൃതം എനിക്കറിയാം. അതേസമയം ഞാനൊരു വനിതാ സംവിധായികയായി ഡേറ്റ് ചോദിക്കാൻ ചെന്നാൽ ആദ്യം ഡേറ്റ് തരുന്നത് ഷൈൻ ആയിരിക്കും. അത്രക്ക് ജോലിയോട് പാഷൻ ഉള്ള നടനാണ് ഷൈൻ. തമാശയായി ഞാൻ ഷൈനിന്റെ ഇടപെടലിനെ കാണുന്നില്ല.
'ജോലി പൊകുമെന്നൊരു പേടിയില്ല'
സ്ത്രീയായിരിക്കുക എന്നത് ഏറ്റവും ദുർഘടം പിടിച്ച അവസ്ഥയിലൂടെയാകും കടന്നുപോകുക. സ്ത്രീ പുരുഷൻ എന്നതിൽ നിന്നും മറ്റ് വിഭാഗങ്ങളിലേക്ക് കൂടി നാം ഇപ്പോൾ വളർന്നു. ഈ സാഹര്യത്തിൽ ഏതൊരു പെൺകുട്ടി ഈ മേഖലയിൽ വന്നാലും അത് യാഥാർഥ്യബോധത്തോടെയാകണം. നേരിടേണ്ടി വരുന്ന വെല്ലുവിളികൾ മനസിലാക്കി വേണം സ്ത്രീകൾ മുന്നോട്ട് വരാൻ. മതപരമായാലും എല്ലാ രീതിയിലുമുള്ള അങ്ങേയറ്റം പാട്രിയാർക്കിയാൽ ആയ സ്ത്രീ വിരുദ്ധവുമായ ഇടത്താണ് നിൽക്കുന്നത് എന്ന ബോധ്യത്തോടെയാകണം സ്ത്രീകൾ വരാൻ.
അമ്മ എന്ന സംഘടനയിൽ ഇല്ലെങ്കിൽ പോലും വ്യക്തിപരമായി വിമര്ശിക്കുന്നയാളാണ് ഞാൻ. ജോലി പോകുമോ എന്നൊരു ചിന്ത എനിക്കില്ല, എവിടെയായാലും എന്റെ നിലപാട് വ്യക്തമാക്കും. ഡബ്ലിയു സിസിയുടെ അനുഭാവിയാണ് ഞാൻ, സജീവമല്ലെങ്കിലും അഭിപ്രായങ്ങൾ പറയും.
അഭിനയത്തിന് പുറമെ സിനിമ ഡയറക്റ്റ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അഭിനയിച്ച കുറച്ചധികം സിനിമകൾ ഇനി വരാനുണ്ട്. ഐവര്‍, പുലിമട, പെണ്ടുലം, ബര്‍മുഡ, ദി ഫാമിലി, ഭാരത് സര്‍ക്കാര്‍, കനകരാജ്യം എന്നി സിനിമകളാണ് അടുത്ത വിശേഷം.