ഗോൾഡ് സിനിമയുടെ റിലീസിനായി അക്ഷമരായി കാത്തിരിക്കുന്ന സിനാമാപ്രേമികൾക്കായി ഏറ്റവും വിവരം പങ്കുവച്ച് നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ. ഗോൾഡ് സിനിമയുടെ ഫുട്ടേജ് കിടക്കുന്ന കംപ്യൂട്ടർ ചീത്തയായതാണ് സിനിമ റിലീസ് ചെയ്യാൻ വൈകുന്നതെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിൻ പറഞ്ഞു. കുമാരി എന്ന ചിത്രത്തിന്റെ റിലീസിനോടനാനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്, സിനിമയുടെ ഫൂട്ടേജ് നഷ്ടപ്പെട്ടു എന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘സിസ്റ്റം ഹാങ്ങ് ആയിട്ട് കിടക്കുകയാണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്റെ ഒരു അപ്ഡേറ്റ് തരാൻ. ഞാൻ സീരിയസ്സായി തന്നെ പറഞ്ഞതാണ്.’’–ലിസ്റ്റിൻ പറഞ്ഞു.
സിനിമയുടെ ഫൂട്ടേജുകൾ ഡിലീറ്റ് ചെയ്തുപോയി എന്ന വാർത്ത സത്യമാണോ എന്ന ചോദ്യത്തിന്, ‘‘.ഫൂട്ടേജ് വേറൊരു സിസ്റ്റത്തിൽ കിടപ്പുണ്ട് അതുകൊണ്ടു കുഴപ്പമില്ലെന്നായിരുന്നു’’ ലിസ്റ്റിന്റെ മറുപടി.
അൽഫോൺസ് പുത്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് പ്രിത്വിരാജ് നായകനാകുന്ന ഗോൾഡ് റിലീസിന് തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്തു വന്നിട്ട് ഏറെ നാളായി. ഈ ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു.
തെന്നിന്ത്യൻ താരറാണി നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രം നിർമിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
The producer explains the reason behind the delay in the release of Gold movie