sanjith-hegde

സോഷ്യല്‍ മീഡിയയിലും ഇന്‍സ്റ്റഗ്രാം റീലുകളിലും നിറഞ്ഞുനില്‍ക്കുന്ന ‘സത്യഭാമേ’ എന്ന പാട്ട് കേള്‍ക്കാത്തവര്‍ ചുരുക്കമാകും. 1980 ൽ പുറത്തിറങ്ങിയ രവിചന്ദ്ര എന്ന കന്നഡ സിനിമയിലെ ഗാനത്തിന്‍റെ റീമിക്സാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വെറും 25 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഈ റീമിക്സിന് പിന്നില്‍ സഞ്ജിത് ഹെഗ്ഡെ എന്ന ഇരുപത്തിനാലുകാരനാണ്. 

 

ഉപേന്ദ്ര കുമാർ സംഗീത സംവിധാനം നിർവഹിച്ച സത്യഭാമേ എന്ന ഗാനം അന്നത്തെ സൂപ്പർ ഹിറ്റ് പാട്ടുകളിൽ ഒന്നായിരുന്നു. രാജ്കുമാർ തന്നെയാണ് ഈ പാട്ട് പാടി അഭിനയിച്ചതും. കന്നഡ സിനിമാ പ്രേമികൾക്ക് മാത്രം പരിചിതമായിരുന്ന ഗാനം 42 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നിപ്പോള്‍ സഞ്ജിത് എന്ന പാട്ടുകാരനിലൂടെ ഇന്ത്യ മുഴുവൻ പാടുകയാണ്.  കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചാർട്ട് ഹിറ്റുകളിൽ സഞ്ജിത്തിൻ്റെ പാട്ടുകൾ ഇടം നേടിയിട്ടുണ്ട്. 'പിട്ട കാതലു' എന്ന തെലുങ്ക് ആന്തോളജിയിലെ  എക്സ് ലൈഫ് എന്ന ഭാഗത്തിൽ ശ്രുതി ഹാസനോടൊപ്പം  സഞ്ജിത് അഭിനയിക്കുകയും ചെയ്തിരുന്നു. ബ്രഹ്മാസ്ത്ര, വിക്രാന്ത് റോണ, ഇമൈക്ക നൊടികൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ സഞ്ജിത് പാടിയിട്ടുണ്ട്. വൈറൽ സത്യഭാമയുടെ വിശേഷങ്ങൾ സഞ്ജിത് ഹെഗ്ഡെ മനോരമ ന്യൂസ് ഡോട്കോമുമായി  പങ്കുവയ്ക്കുന്നു.

 

വൈറൽ ‘സത്യഭാമേ’

 

ചെറിയ സംഗീത ശകലങ്ങൾ ഏതെങ്കിലും  ചെയ്യാമെന്ന് ചിന്തിച്ചപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സത്യഭാമേ എന്ന ഗാനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഒറിജിനൽ സത്യഭാമേ കർണാടകയിൽ വളരെ ഹിറ്റാണ്. വളരെ മനോഹരമായി ചെയ്തു വച്ചിരിക്കുന്ന ഒരു ഗാനമാണ്. അത് പാടുന്നത് അത്ര എളുപ്പമല്ലെങ്കിലും എൻ്റേതായ രീതിയിൽ ഞാൻ എപ്പോഴും പാടുമായിരുന്നു. രാജ്കുമാർ സറിൻ്റെ എല്ലാ ഗാനങ്ങളും എനിക്ക് ഒത്തിരി ഇഷ്ടമാണ്‌. അങ്ങനെ പെട്ടെന്ന് 15 മിനിറ്റിൽ ചെയ്തെടുത്തതാണ് വൈറലായ സത്യഭാമേ റീമിക്സ്.  ഇപ്പോൾ  'സത്യഭാമേ' എന്നത് യൂണിവേസഴ്സലായെന്നതും ഇന്ത്യയൊട്ടാകെ ഈ ഗാനം ആസ്വദിക്കുന്നു എന്നറിയുന്നതിൽ സന്തോഷം.

 

‘മലയാളം പാട്ടുകൾ കേട്ടാണ് ഞാനും വളർന്നത്’

 

മലയാളം മ്യൂസിക് സ്പേസ് എനിക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ട്. ഓരോ ഗാനത്തിലും  ഒരു കൾച്ചറൽ റിസംമ്പ്ലൻസുണ്ട്. അതുപോലെ വിദ്യാസാഗർ സറിൻ്റെയും ജോൺസൺ സറിൻ്റെയും ജേക്സ് ബിജോയുടെയും സുഷിൻ്റെയുമൊക്കെ വർക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവിയൽ, ജോബ് കുര്യൻ, റെക്സ് ചേട്ടൻ പോലുള്ളവരുടെ പാട്ടുകളൊക്കെ കേട്ടാണ് ഞാനും വളർന്നത്. ഞാൻ ഇപ്പോൾ വർക്ക് ചെയ്യുന്ന ആൽബത്തിൽ കൂടുതൽ പേരും  മലയാളികളാണ്. എൻജിനീയർ സുജിത്ത് ശ്രീധർ, ശങ്കു ചേട്ടൻ, ഗിത്താറിസ്റ്റ് സുനിൽ ചേട്ടൻ, കീബോർഡ് പ്ലെയർ ജോ ജോൺസൺ. ഇവരോടൊപ്പം വർക്ക് ചെയ്യാൻ പറ്റുന്നത് എൻ്റെ ഭാഗ്യമാണ്.  മലയാളം റീമിക്സ് ചെയ്യുമോയെന്നും ചിലർ ചോദിക്കാറുണ്ട്. ഉറപ്പായും ചെയ്യും. പക്ഷെ, അതിനേക്കാൾ ആഗ്രഹം പാട്ടുകൾ ചെയ്ത് മലയാളം ഇൻഡസ്ട്രിയുടെ ഭാഗമാകാനാണ്.

 

 

റീമിക്സ് ഫുൾ വേർഷൻ വരുമോ?

 

ഒരുപാട് പേർ കമൻ്റ് ബോക്സുകളിൽ സത്യഭാമേ റീമിക്സിന് ഫുൾ വേർഷൻ ആവശ്യപ്പെട്ടിരുന്നു.. ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ കഴിഞ്ഞ 3-4 വർഷങ്ങളായി  ഞാൻ എഴുതിയ എൻ്റെ ആൽബം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.  അവയൊക്കെ എൻ്റെ കോംപസിഷനിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇപ്പോൾ എൻ്റെ ലക്ഷ്യം.