shobana

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ഗാനരംഗത്തെക്കുറിച്ചുള്ള അറിയാക്കഥ വെളിപ്പെടുത്തി നടി ശോഭന. ശോഭനയും ശ്രീധറും ആണ് ചിത്രത്തിൽ നാഗവല്ലിയും രാമനാഥനുമായി എത്തിയത്. ഇരുവരും ചടുലമായ നൃത്തം അവതരിപ്പിക്കുന്നത് കറുത്ത നിറത്തിലുള്ള തറയില്‍ നിന്നാണ്. ഗാനരംഗത്തിൽ ആ തറ തിളങ്ങുന്നതു കാണാനാകും. അത് തറയില്‍ എണ്ണ പുരട്ടിയതുകൊണ്ടാണെന്നു പറയുകയാണ് ശോഭന. എണ്ണമയമുള്ള തറയിൽ നൃത്തം ചെയ്യാൻ താനും ശ്രീധറും ഏറെ ബുദ്ധിമുട്ടിയെന്നും ശോഭന കൂട്ടിച്ചേർത്തു.

 

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ശോഭന മണിച്ചിത്രത്താഴിലെ അറിയാക്കഥ വെളിപ്പെടുത്തിയത്. തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾക്കായി ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ഗാനത്തിന്റെ ചുവടുകൾ ശോഭന പറഞ്ഞുകൊടുക്കുന്നതു വിഡിയോയിൽ കാണാനാകും. ശോഭന പങ്കുവച്ച ഹ്രസ്വ വിഡിയോ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

 

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. മോഹന്‍ലാൽ, സുരേഷ് ഗോപി, നെടുമുടി വേണു, തിലകൻ തുടങ്ങിയവരാണു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി നിലനിൽക്കുന്ന മണിച്ചിത്രത്താഴ്, ഇന്നും ആരാധകഹൃദയങ്ങളിൽ മുൻനിരാ സ്ഥാനത്തുണ്ട്.

 

Actress Shobana shares her experiences at Manichitrathazhu film location