abhirami-suresh

ചുണ്ടുകളുടെ വലുപ്പം വർധിപ്പിച്ച് ഭംഗി കൂട്ടാൻ വേണ്ടി ലിപ് ഫില്ലർ ചെയ്ത കാര്യം വെളിപ്പെടുത്തി ഗായിക അഭിരാമി സുരേഷ്. ശരീരത്തിൽ എവിടെയെങ്കിലും കുഴികൾ പോലെയുണ്ടെങ്കിൽ ഇൻജക്‌ഷനിലൂടെ അത് മാറ്റി സാധാരണഗതിയിലാക്കുന്ന രീതിയാണ് ഫില്ലർ. അഭിരാമി ഈ ചികിത്സ തന്റെ ചുണ്ടുകൾക്കാണ് നൽകിയിരിക്കുന്നത്. നിലവിൽ ലിപ് ഫില്ലറിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റേതായ ചില മാറ്റങ്ങൾ അഭിരാമിയുടെ മുഖത്തു പ്രകടമായിട്ടുമുണ്ട്. തന്റെ മുഖം കണ്ട് ആരും പേടിക്കരുതെന്നു മുൻകൂട്ടി പറഞ്ഞുകൊണ്ടാണ് ഗായിക ലിപ് ഫില്ലർ ചെയ്തുവെന്ന കാര്യം വെളിപ്പെടുത്തിയത്.

 

 

വീട്ടിലെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചു ചെയ്ത സ്പെഷൽ വിഡിയോയിലാണ് ലിപ് ഫില്ലറിനെക്കുറിച്ച് അഭിരാമി പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത്. തനിക്ക് താടിയെല്ല് അല്‍പം മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന ശാരീരികാവസ്ഥ ഉണ്ടെന്നും എന്നാൽ അതു മാറ്റാൻ താൻ ശസ്ത്രക്രിയകളൊന്നും ചെയ്തിട്ടില്ലെന്നും അഭിരാമി വിഡിയോയിലുടെ വ്യക്തമാക്കി.  മുഖരൂപം ശരിയായ രീതിയിലാക്കാൻ മുന്‍പും താൻ ഫില്ലറുകൾ ചെയ്തിട്ടുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. 

 

താൻ നേരിടുന്ന പ്രോഗ്‌നാത്തിസം എന്ന അവസ്ഥ പരിഹരിക്കാൻ എന്തെങ്കിലും ചികിത്സ നടത്തിയോ എന്നു പലരും അടുത്തിടെ തന്നോടു ചോദിച്ചതായി അഭിരാമി സുരേഷ് പറഞ്ഞു. തന്റെ മുഖത്തിൽ താൻ ഒരുപാട് സന്തോഷവതിയാണെന്നും ലിപ് ഫില്ലർ കൂടാകെ മറ്റൊരു ചികിത്സയും താന്‍ ചെയ്യില്ലെന്നും തന്റെ മുഖം ഇങ്ങനെ തന്നെ നിലനിർത്താനാണു തീരുമാനമെന്നും അഭിരാമി വ്യക്തമാക്കി. 

 

പ്രോഗ്‌നാത്തിസം എന്ന അവസ്ഥയുണ്ടായതോടെ ദയയില്ലാതെ ട്രോൾ ചെയ്യപ്പെട്ടയാളാണ് താനെന്ന് മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ അഭിരാമി വെളിപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്നം പരിഹരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും നേരത്തേ തന്നെ പറഞ്ഞിരുന്നു.