ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’ സിനിമ ചിരിപ്പിച്ച് ‘പൊതപ്പിച്ച്’ ഹൗസ്ഫുള്ളായി തിയറ്ററുകളിൽ തുടരുകയാണ്. അർജുൻ അശോകൻ, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ ഒരുപാട് പുതുമുഖ അഭിനേതാക്കളുമെത്തുന്നുണ്ട്. ‘തലതെറിച്ചവരൊട്ടാകെ വാഴണ’ ആ വീട്ടില്‍ തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞു നിന്ന് രസിപ്പിച്ച് ഓരോരുത്തരും അവരുടെ കഥാപാത്രം ഭംഗിയാക്കി. സിനിമയിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും വന്ന് സ്കോര്‍ ചെയ്തു പോകുന്ന കാഴ്ച. ‘ഞാനപ്പഴേപറഞ്ഞാണ്..അവളാണെടുത്തെ.. അവളാണെടുത്തെ.. അവളാണെടുത്തേന്ന്..’ ഈ ഒരൊറ്റ ഡയലോഗു കൊണ്ടു തിയറ്ററില്‍ കൂട്ടച്ചിരി പടര്‍ത്തിയ മാല ചേച്ചിയെ പെട്ടന്നാര്‍ക്കും മറക്കാനാകില്ല. പുരുഷ കഥാപാത്രങ്ങള്‍ക്കിടയില്‍ ആദ്യാവസാനം വരെയുള്ള ‘പേരില്ലാത്ത’ നായിക കഴിഞ്ഞാല്‍ പലരും ഓര്‍ത്തിരിക്കുന്ന ഒരു സ്ത്രീ കഥാപാത്രം മാല ചേച്ചിയാകും. ജിയോ ബേബി അവതരിപ്പിച്ച ‘ഫ്രീഡം ഫൈറ്റ്’ ആന്തോളജിയില്‍ കുഞ്ഞിലയുടെ ‘അസംഘടിതരി’ലെ സജ്ന എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധ നേടിയ പൂജയാണ് മാലചേച്ചിയായെത്തിയത്. വണ്‍, കോള്‍ഡ് കേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലേക്കെത്തിയ പൂജ ഒരു തിയറ്റര്‍ ആര്‍ടിസ്റ്റ് കൂടിയാണ്. രോമാഞ്ചത്തിന്റെ വിശേഷങ്ങള്‍ പൂജ മോഹന്‍രാജ് മനോരമന്യൂസ് ഡോട്കോമുമായി പങ്കുവയ്ക്കുന്നു.
രോമാഞ്ചം വന്നതെങ്ങനെ?
ഫ്രീഡം ഫൈറ്റ് കണ്ടിട്ടാണ് ജിത്തു രോമാഞ്ചത്തിലേക്ക് വിളിക്കുന്നത്. ചെറിയ റൊളാണെന്നും രണ്ടു മിനിറ്റുള്ളൂവെന്നും ആദ്യമേ തന്നെ പറഞ്ഞിരുന്നു. പക്ഷെ, സീന്‍ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ എനിക്ക് ചിരി വന്നു. ആ സീന്‍ രസമായിരിക്കുമെന്ന് തോന്നി. കേട്ടപ്പൊള്‍ ഉണ്ടായിരുന്ന അതേ എക്സൈറ്റ്മെന്റ് ആ സീന്‍ ചെയ്യുമ്പോഴും എനിക്ക് ഉണ്ടായിരുന്നു. ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷവും സംതൃപ്തിയും തോന്നി.
‘ഞാനപ്പഴേപറഞ്ഞാണ്..അവളാണെടുത്തേന്ന്’
ആ സീന്‍ ഫുള്ളി ഇംപ്രവൈസ്ഡ് ആണ്. സീന്‍ എഴുതിയിട്ടുണ്ട്. പക്ഷെ, നിങ്ങളുടേതായ രീതിയില്‍ ആദ്യം ചെയ്തു നോക്കാമോയെന്ന് ജിത്തു ചോദിച്ചു. അങ്ങനൊരു സാഹചര്യത്തില്‍ ആ കഥാപാത്രത്തിന് എന്താകും പറയാന്‍ തോന്നുന്നത് അത് ചെയ്യാനാണ് ജിത്തു പറഞ്ഞത്. ഈ കഥാപാത്രം ഭയങ്കര ലൗഡാണെന്നും പറഞ്ഞിരുന്നു. അങ്ങനെ വന്ന ഡയലോഗാണത്. ക്രൂവിലെ എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നന്നായി വന്നിട്ടുണ്ട്. ഈ സീന്‍ ആളുകളുടെ മനസ്സില്‍ നില്‍ക്കുമെന്ന് സൗബിക്ക അന്ന് പറഞ്ഞിരുന്നു.
ചെറിയ സീനാണെങ്കിലും എന്റെ പെഴ്സ്പെക്ടീവ് തന്നെ മാറ്റിയ ഒരു സീനാണത്. അധികം സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ വരുന്നത് തിയറ്റര്‍ ബാക്ഗ്രൗണ്ടില്‍ നിന്നാണ്. എന്ത് വര്‍ക്ക് കിട്ടിയാലും ചെയ്യണം, വിസിബിളായിരിക്കണം എന്നൊക്കെയാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ, രോമാഞ്ചം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി സിനിമയില്‍ നമ്മള് ഓര്‍ത്തിരിക്കുന്നത് ചിലപ്പോള്‍ ഒരു മൊമന്റ് ആരിക്കും. ഈ സീനിന് അങ്ങനൊരു പൊട്ടന്‍ഷ്യലുണ്ടെന്ന് തോന്നുന്നു. തിയറ്ററിലും ആ സീനിന് ഒരു ഇംപാക്ട് ഉണ്ടെന്ന് അറിയുമ്പോള്‍ കൂടുതല്‍ സന്തോഷം. എത്ര സ്ക്രീന്‍ സ്പേസോ, എന്ത് തരം റോളോ കിട്ടിയാലും നമ്മള് ആ മൊമന്റിനെ എങ്ങനെ മെമ്മറബളാക്കാമെന്നതാണ് കാര്യം. അതില്പിന്നെ ഓരോ ചെറിയ കഥാപാത്രങ്ങളെയും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പിന്നീട് ചെയ്ത വേഷങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചിട്ടുണ്ട്.
‘എനിക്ക് നല്ല ഫണ്‍ ആയിരുന്നു’
എനിക്ക് ആകെ ഒരു ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ആ ദിവസം എനിക്ക് നല്ല ഫണ്‍ ആയിരുന്നു. ഞാന്‍ ഷൂട്ട് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. സെറ്റിലായാലും പെര്ഫോര്മന്സാണെങ്കിലും ഞാന്‍ ഒത്തിരി ആസ്വദിച്ച് ചെയ്തതാണ്. പിന്നീട് ഷൂട്ടൊക്കെ കഴിഞ്ഞ് അവരെ എല്ലാവരെയും രോമാഞ്ചം പരിപാടികളിലൊക്കെയായി മീറ്റ് ചെയ്യാന്‍ കഴിഞ്ഞു. രോമാഞ്ചത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.
‘ഓജോ ബോര്‍ഡ് കാണുന്നതേ സെറ്റില്‍’
ഞാന്‍ ഓജോ ബോര്‍ഡ് കളിച്ചിട്ടില്ല. അപരിചിതന് ഇറങ്ങിയ സമയം സ്കൂളില്‍ കുട്ടികളൊക്കെ ഇതിനെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടെന്നല്ലാതെ എനിക്ക് വലിയ ധാരണയൊന്നുമില്ല. ഞാന്‍ ഓജോ ബോര്‍ഡ് കാണുന്നത് തന്നെ സെറ്റില്‍ വച്ചാണ്.
ക്ലിക്കാകുന്നത് കോമഡിയോ?
എനിക്ക് കോമഡി ചെയ്യാന്‍ ഇഷ്ടമാണ്. സജ്നയുടെ കഥാപാത്രം നോക്കിയാല്‍ അവരുടെ നിഷ്ക്കളങ്കത കൊണ്ട് പല റിയാക്ഷനുകളും കോമഡിയായി മാറുന്നതാണ്. മാല സീനും അങ്ങനെ തന്നെയാണ്. പലര്‍ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് കോമഡി. തിയറ്റര്‍ പഠിക്കുമ്പോള്‍ ക്ലൗണിങ് എന്ന വളരെ പ്രയാസമുള്ള ഒരു മൊഡ്യൂള്‍ ഉണ്ട്. ചുറ്റുമുള്ള എല്ലാ ഇംപള്‍സും റിസീവ് ചെയ്ത് അതിനനുസരിച്ച് റിയാക്ഷന് കൊടുക്കുന്നതാണ്. കോമഡി ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് കിട്ടിയത് ആ ട്രെയിനിങ്ങിലൂടെയാണ്. മാത്രമല്ല, എത്ര ഇന്റന്‍സ് കഥാപാത്രമായാലും അതില്‍ ഹ്യൂമര്‍ കണ്ടുപിടിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് കോമഡി ചെയ്യാന്‍ പറ്റുമെന്ന് എന്നെ നേരില്‍ കാണുമ്പോള്‍ ആരും വിചാരിക്കാറില്ല. പൊലീസ് വേഷമാക്കാം എന്ന് തോന്നിപ്പിക്കുന്ന തരമൊരു ശരീരപ്രകൃതമാണ് എന്റേത്. അതുകൊണ്ടാകാം, ഇരട്ടയിലും കോള്‍ഡ് കേസിലുമൊക്കെയായി പൊലീസ് വേഷം കിട്ടിയത്. പക്ഷെ, ടൈപ് കാസ്റ്റ് ആകുമോയെന്ന പേടിയൊന്നും എനിക്ക് ഇപ്പോള്‍ ഇല്ല. ഞാന്‍ ശ്രദ്ധിക്കപ്പെട്ടതൊന്നും ഞാന്‍ ചെയ്തുവച്ച പൊലീസ് വേഷങ്ങളിലൂടെയല്ല. ഇരട്ട ക്രൂ ആരും വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു ടീമാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ സന്തോഷമാണ്.
അഭിനയത്തിലേക്കുള്ള വഴി?
വീട്ടില്‍ എല്ലാവരും വളരെ സ്മാര്‍ട്ടായ ജോളിയായിട്ടുള്ളവരാണ്. പക്ഷെ, ഞാന്‍ വളരെ ഇന്ട്രൊവേര്ട്ടഡ് ആയിട്ടുള്ള ഒരു കുട്ടിയായിരുന്നു. അതൊന്നു മാറാന്‍ അമ്മയാണ് എന്നെ പത്താം വയസ്സില്‍ ഡ്രാമ ക്ലാസില്‍ കൊണ്ടുചേര്‍ത്തത്. ആളുകള്‍ എന്നെ തിരിച്ചറിയുക എന്നതിലുപരി അഭിനയം എന്ന കലയാണ് എന്നെ വളര്‍ത്തിയത്. ഞാന്‍ എന്താണെന്നും എന്റെ സ്പേസ് എന്താണെന്നുമൊക്കെ എനിക്ക് മനസ്സിലായതും, എന്റെ ചിന്തകളെ വളര്‍ത്തിയെടുക്കാനും എന്നെ തന്നെ എക്സ്പ്രസ് ചെയ്യാനുമൊക്കെ എന്നെ സഹായിച്ചത് തിയറ്ററാണ്. ഇന്നും എനിക്ക് ഇങ്ങനെ സംസാരിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് നാടകത്തിലൂടെ മാത്രം എനിക്ക് കിട്ടിയതാണ്. എന്നെ ഞാനാക്കിയത് തിയറ്ററാണ്.
വരാനിരിക്കുന്ന പ്രോജക്ടുകള്‍
ആഷിഖ് അബു ചിത്രം ‘നീലവെളിച്ചം’, ജിയോ ബേബിയുടെ കാതല്‍, ക്രിഷാന്ദ് സംവിധാനം ചെയ്ത 'പുരുഷ പ്രേത’വുമാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. ഒരു വെബ്സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ച് പ്രോജക്ടിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.