shah-rukh-pathaan

 ഏറ്റവും പുതിയ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ പഠാനില്‍ തിയറ്ററില്‍ കാണാത്ത രംഗങ്ങള്‍ ഒ.ടി.ടിയില്‍ കണ്ടതില്‍ വിഷമം പങ്കുവെച്ച് ആരാധകര്‍. ബുധനാഴ്ച്ചയാണ് ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം ആരംഭിച്ചത്. അതോടെയാണ് ചിത്രത്തിലെ ഡിലീറ്റഡ് സീനുകളില്‍ പലതും ഒടിടി പതിപ്പിലുണ്ടന്ന് മനസിലാക്കുന്നത്.

 

അതിലെ പല സീനുകളിലും തിയറ്റര്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ആവേശമായിരുന്നേനെ എന്നും കമന്‍റുകള്‍ പറയുന്നു. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ അബ്രാഹം, ഡിംപിള്‍ കപാടിയ, അഷുതോഷ് റാണ എന്നിവര്‍ അഭിനയിച്ച ചിത്രം ഈ വര്‍ഷം ജനുവരി 25നാണ് തിയറ്ററുകളില്‍ എത്തിയത്. റോ ഏജന്‍റായാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നത്. 1046 കോടി രൂപയാണ് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ നിന്നും പഠാന്‍ നേടിയത്.

 

ഇതുവരെയുളള എല്ലാ ഹിന്ദി ചിത്രങ്ങളെക്കാളും ഉയര്‍ന്ന കളക്ഷനായിരുന്നു ഇത്. ചിത്രത്തില്‍ റഷ്യന്‍ സംഘം അതിക്രൂരമായി ഷാരൂഖ് ഖാന്‍റെ കഥാപാത്രത്തെ ഉപദ്രവിക്കുന്ന രംഗമാണ് ഡിലീറ്റഡ് സീനുകളില്‍ ഒന്ന്. ദീപിക പദുക്കോണ്‍ ചെയ്ത കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന സീനും തിയറ്ററില്‍ കണ്ടില്ല. ഇത്തരത്തില്‍ വന്ന സീനുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ആരാധകര്‍ തങ്ങളുടെ നിരാശ പങ്കുവെച്ചു