പണ്ടൊക്കെ തമാശ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ തമാശ ചിന്തിച്ചാല്‍ മതിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ തമാശ ഉണ്ടാക്കാന്‍ വളരെ സീരിയസ് ആയിട്ട് ചിന്തിക്കേണ്ട അവസ്ഥയാണെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. 'തമാശ പറയുന്നത് എല്ലാവരും വളരെ സീരിയസ് ആയിട്ട് എടുക്കുന്നു. അതുകൊണ്ട് തീര്‍ച്ചയായും പേടിയുണ്ട്. കോമഡി സ്കിറ്റുകള്‍ക്ക് ഇത് ഒരു വെല്ലുവിളി തന്നെയാണ്’. താരം പറയുന്നു. പണ്ടെല്ലാം തമാശ തമാശയായിട്ട് എടുക്കുമായിരുന്നു എന്നാല്‍ കാലം മാറിയതിന് അനുസരിച്ച് തമാശയെ ആളുകള്‍ സ്വീകരിക്കുന്ന രീതിമാറി.  

‘ഒരാള്‍ തമാശ പറയുമ്പോള്‍, ഇങ്ങനെ പറയണോ വേണ്ടയോ എന്ന് പല തവണ ആലോചിക്കണം. അങ്ങനെ വളരെ സിരീയസ് ആയിട്ട് ചിന്തിച്ച ശേഷമേ തമാശകള്‍ പറയാനാകൂ. സ്കിറ്റ് തയാറാക്കുമ്പോള്‍ വലിയ വെല്ലുവിളിയാണ്. പല തവണ ആലോചിച്ചാണ് എഴുതുന്നത്. ആരെ കുറിച്ചാണ് പറയുന്നത്..അവരെ അത് വേദനിപ്പിക്കുമോ എന്ന് ചിന്തിച്ച് വേണം ചെയ്യാന്‍’. സമകാലിക വിഷയങ്ങള്‍ പോലും തമാശയായി അവതരിപ്പിക്കാന്‍ ആവാത്ത അവസ്ഥയാണെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു. ആക്ഷേപ ഹാസ്യം ആളുകള്‍ സിരിയസ് ആക്കി എടുക്കുന്നു. മറ്റുള്ളവര്‍ക്ക് പ്രശ്നമാകുമോ എന്ന് ആലോചിച്ച് മാത്രമേ പറയാനാകൂ. 

 

ആരേയും വ്യക്തിപരമായി വേദനിപ്പിക്കാനും അപമാനിക്കാനും ഒരു കലാകാരനും സ്കിറ്റ് എഴുതുമെന്ന് താന്‍ കരുതുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. 'കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് സിനിമയിലും മാറ്റങ്ങള്‍ വന്നു. തമാശ വേഷങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. നമ്മളിലേയ്ക്ക് വരുന്ന വേഷങ്ങളല്ലേ നമ്മള്‍ ചെയ്യുന്നത് ’. ഓരോ കോമഡി വേഷങ്ങള്‍ കാണുമ്പോള്‍ തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാന്ദ്രയാണ് ഷാജോണിന്‍റെ പുതിയ ചിത്രം. നടൻ ദിലീപ് നായകനാകുന്ന ബാന്ദ്ര ഒരു മാസ് ചിത്രമായിരിക്കുമെന്നും താരം പറഞ്ഞു. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂടാതെ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഒരു വെബ് സിരീസിലും ഷാജോണ്‍ അഭിനയിക്കുന്നുണ്ട്. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ബാന്ദ്ര