മാഹി പന്തക്കല്‍ സ്വദേശിയായ സ്മിജിത്ത് മോഹന്‍ വരകളിലൂടെ അത്ഭുതം തീര്‍ക്കുകയാണ്. തന്‍റെ ഇഷ്ട നടനായ ജഗതി ശ്രീകുമാറിന്‍റെ ചിത്രം വരയ്ക്കണമെന്നു തോന്നിയ‍‍പ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യസ്ഥത കൊണ്ടുവരണം എന്ന് സ്മിജിത്ത് ആഗ്രഹിച്ചു. അപ്പോള്‍ മനസില്‍ തോന്നിയ ആശയമായിരുന്നു ജഗതി ശ്രീകുമാര്‍ അഭിനയിച്ച 772 സിനിമയും ടൈപ്പോഗ്രാഫി ഉപയോഗിച്ച് അ‍ദ്ദേഹത്തിനെ വരക്കുക എന്നത്. കിലുക്കത്തിലെ നിശ്ചല്‍ എന്ന ജഗതി ശ്രീകുമാര്‍ ഭാവത്തെയാണ് സ്മി‍ജിത്ത് കാന്‍വാസിലാക്കിയത്.

ഏകദേശം 80 മണിക്കൂര്‍ എടുത്തായിരുന്നു ചിത്രം വരച്ചത്. 56 ഇഞ്ച് നീളവും 44 ഇ‍ഞ്ച് വീതിയും ഉള്ള ചിത്രമാണ് സ്മിജിത്ത് ഒരുക്കിയത്. ഇൗ ചിത്രത്തിനിപ്പോള്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍റെയും ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് വേള്‍‍‍‍‍‍‍ഡ് റെക്കോര്‍ഡ്സിന്‍റെയും അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇതിനു മുന്‍പും സ്മിജിത്ത് ടൈപ്പോഗ്രാഫി ഉപയോഗിച്ച് അത്ഭുതം തീര്‍ത്തിട്ടുണ്ട്. മുന്‍പ് മോഹന്‍ലാല്‍ അഭിനയിച്ച മുഴുവന്‍ സിനിമകളുടെ പേരുകള്‍ കോര്‍ത്തിണക്കി സ്മിജിത്ത് മോഹന്‍ലാലിനെ വരച്ചത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്നു. 

കഴി‍ഞ്ഞ ദിവസം സ്മി‍ജിത്ത് ജഗതി ശ്രീകുമാറിനെ കാണുകയും ചിത്രം സമ്മാനമായി നല്‍കുകയും ചെയ്തു. സിനിമയിലും പരസ്യ ചിത്രങ്ങളിലും സഹസംവിധായകനായ സമി‍‍ജിത്ത് ആമസോണ്‍, കല്യാണ്‍ ജ്വല്ലറി, ഫ്ലിപ്പ്കാര്‍ട്ട്, കെ. പി നമ്പൂതിരീസ് തുടങ്ങി നിരവധി ബ്രാന്‍റുകളുടെ പരസ്യങ്ങള്‍ക്ക് സ്റ്റോറി ബോര്‍‍ഡ് വരച്ചിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമ ഒരുക്കാനുള്ള ശ്രമത്തിലാണ് സ്മിജിത്ത്.

Smijith gifted his painting to Jagathy Sreekumar