Music

നടന്‍ വിനായകന്‍ രണ്ട് സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ടെന്ന് സിനിമയ്ക്കപ്പുറത്ത് എത്രപേര്‍ക്കറിയാം? അതും ചെറിയ സിനിമകളല്ല. വന്‍വിജയം നേടിയ കമ്മട്ടിപ്പാടവും ട്രാന്‍സും വിനായകന്റെ സംഗീതസൃഷ്ടികളാണ്. വിവാദങ്ങള്‍ കൊണ്ട് കൂടുതല്‍ അറിയപ്പെടുന്ന വിനായകന്‍ ഒരിടത്തും സംഗീതവുമായുള്ള അഭേദ്യബന്ധത്തെക്കുറിച്ച് പറയാറില്ല. ജയിലറിന്റെ വിജയത്തില്‍ മതിമറക്കാത്ത, വേരുകളില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കുന്ന താരം മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അക്കഥ തുറന്നുപറഞ്ഞു. 

2016ല്‍ പുറത്തിറങ്ങിയ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ പുഴുപുലികള്‍ എന്ന പാട്ട് കേള്‍ക്കാത്തവരില്ല. അന്‍വര്‍ അലി എഴുതി സുനില്‍ മത്തായിയും സാവിയോ ലാസും പാടിയ ഗാനം. സംഗീതസംവിധാനം എന്ന ടൈറ്റിലില്‍ തെളിഞ്ഞ പേര് വിനായകന്‍. ഉള്ളിലുറഞ്ഞ ഒരുപാട് വേദനകളാണ് ആ പാട്ടില്‍ ലയിപ്പിച്ചതെന്ന് വിനായകന്‍ തുറന്നുപറഞ്ഞു. ആ വേദന മുഴുവന്‍ അന്‍വര്‍ അലി വരികളിലും കൊണ്ടുവന്നു. എന്നാല്‍ പാട്ടും ദൃശ്യങ്ങളും പലര്‍ക്കും അലോസരമുണ്ടാക്കി. ഒരുപാട് പഴികേട്ടു. 

കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനും സ്വഭാവ നടനുമുള്‍പ്പടെ ഒരുപാട് പുരസ്കാരങ്ങള്‍ വിനായകനെ തേടിവന്നു. എന്നാല്‍ പാട്ടിനെക്കുറിച്ച് താരം എവിടെയും പറഞ്ഞില്ല. പുഴുപുലികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ട്രാന്‍സിലെ ടൈറ്റില്‍ സോങ്. 'അത് വേറെ ലെവല്‍ മ്യൂസിക് ആണ്. എക്സ്ട്രീം ആണ്. കമ്മട്ടിപ്പാടം ഇറങ്ങിയപ്പോള്‍ ഇതുപോലുള്ള സംഗീതമാണോ ഇനി ചെയ്യുക എന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. അത് മനസില്‍ വച്ചാണ് ട്രാന്‍സില്‍ നേരെ ഓപ്പസിറ്റ് ലൈന്‍ പിടിച്ചത്’. 

യാത്രകളും ഗോവയിലെ ജീവിതവുമാണ് തന്നിലെ സംഗീതം സമ്പന്നമാക്കിയതെന്ന് വിനായകന്‍ പറഞ്ഞു. ‘താളം എനിക്കുണ്ട്. കുടുംബപരമായിത്തന്നെ നല്ല താളമുണ്ട്. ബാക്കിയുള്ളതൊക്കെ സഞ്ചാരങ്ങളില്‍ നിന്ന് കിട്ടിയതാണ്. അടിസ്ഥാനപരമായി ഞാന്‍ സൈക്കര്‍ലിക് ട്രാക്ക് മാത്രം കേള്‍ക്കുന്നയാളാണ്. അതില്‍ നിന്ന് എന്തെങ്കിലുംകൂടി മാറ്റംവരുത്തി മലയാളം പാട്ട് ചെയ്യുക എന്നതാണ് ലൈന്‍. ഗോവയിലെ അനുഭവങ്ങളാണ് അതിന് ആധാരം. മലയാളത്തില്‍ ഇനിയും പാട്ടുകള്‍ ചെയ്യുമെന്നും വിനായകന്‍ പറഞ്ഞു.

 

Actor Vinayakan talks about his musical journey. Exclusive interview with music director Vinayakan