‘ജയിലര്‍’ സിനിമയില്‍ വിനായകന് നിസാരതുക മാത്രമേ പ്രതിഫലം കിട്ടിയുള്ളു എന്ന പ്രചാരണം തള്ളി താരം. രജനീകാന്തിന് കോടികള്‍ നല്‍കിയപ്പോള്‍ വിനായകന് 35 ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളു എന്നായിരുന്നു പ്രചാരണം. മുഴുനീള കഥാപാത്രമായി നിറഞ്ഞാടിയ വിനായകന് ഈ തുക തീരെ കുറഞ്ഞ പ്രതിഫലമാണെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നുമല്ല വാസ്തവം എന്ന് വിനായകന്‍ മനോരമന്യൂസിനോട് പറഞ്ഞു.
പ്രത്യേക അഭിമുഖത്തില്‍ പ്രതിഫല വിവാദത്തെക്കുറിച്ച് വിനായകന്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം.
ചോദ്യം : വിനായകന്റെ പ്രതിഫലത്തെച്ചൊല്ലി ഒരു വിവാദം നമുക്കുചുറ്റുമുണ്ട്. ജയിലറില്‍ ഇത്രയും മുഴുനീള പ്രസന്‍സ് ഉള്ള വിനായകന് കിട്ടിയത് 35 ലക്ഷം രൂപ എന്നാണ് ഊഹാപോഹങ്ങള്‍ വരുന്നത്. രജനീകാന്തിന്റെ കോടികളെക്കുറിച്ചും പറയുന്നുണ്ട്. വിനായകന് ഇത്രയും കൊടുത്താല്‍ പോര എന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.
വിനായകന്‍: പോരാ! (തമാശരൂപേണ). പക്ഷേ എനിക്ക് അത്രയൊന്നുമല്ല കിട്ടിയിത്. ഞാന്‍ ചോദിച്ചതിലും കൂടുതല്‍ പണം അവര്‍ എനിക്ക് തന്നു. ഞാന്‍ ചോദിച്ചതിലും കൂടുതല്‍ തന്നു.
ചോദ്യം: അപ്പോള്‍ എങ്ങനെയൊക്കെയാണ് ഈ ഊഹാപോഹങ്ങള്‍ വരുന്നത്?
വിനായകന്‍: ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, ഞാന്‍ മഹാരാജാസ് കോളജില്‍ പഠിച്ചു എന്നൊക്കെ കഥയുണ്ടാക്കിയതുപോലെയാണ് എനിക്ക് 35 ലക്ഷം രൂപയേ തന്നുള്ളു എന്ന പ്രചാരണവും. ആരാണ് ഇതൊക്കെ ഉണ്ടാക്കുന്നത്? അറിയില്ല.
ജയിലറില്‍ രജനീകാന്തിന്റെ നായകനൊപ്പം നില്‍ക്കുന്ന പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്. രജനീകാന്ത് സിനിമകളിലെ ഏറ്റവും മികച്ച വില്ലന്‍കഥാപാത്രം എന്നാണ് വിനായകന്‍റെ വര്‍മനെ രജനി ആരാധകരും വിമര്‍ശകരും ഒരുപോലെ വിശേഷിപ്പിക്കുന്നത്. രജനീകാന്തിന് ആദ്യം 110 കോടി രൂപയും പിന്നീട് ലാഭവിഹിതമായി 100 കോടി രൂപയും സണ്‍ പിക്ചേഴ്സ് നല്‍കി എന്നാണ് തമിഴ് സിനിമാരംഗത്തെ ട്രേഡ് അനലിസ്റ്റുകള്‍ വെളിപ്പെടുത്തിയത്. സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍ രജനിക്ക് 1.25 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു എക്സ്–7 കാറും സമ്മാനിച്ചിരുന്നു.
What is vinayakan's remuneration in jailer? Vinayakan reveals the truth.