നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് നടൻ ഷാരുഖ് ഖാന് വൈ- പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. ജവാൻ, പഠാൻ തുടങ്ങിയ ചിത്രങ്ങൾ വൻ ഹിറ്റായതിന് പിന്നാലെ വധഭീക്ഷണികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വൈ- പ്ലസ് സുരക്ഷ നൽകാൻ മുബൈ പൊലീസിന് സർക്കാർ നിർദേശം നൽകിയത്. ഇരുപത്തിനാലു മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരുഖിനൊപ്പമുണ്ടാകും. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്.
രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്‍റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. MP-5 യന്ത്രത്തോക്കുകൾ, AK-47 ആക്രമണ റൈഫിളുകൾ, ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയാണ് കമാന്റോകളുടെ ആയുധം. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ സമയവും നാല് പൊലീസുകാരുടെ കാവലിലായിരിക്കും മന്നത്തിനുണ്ടാവുക. സുരക്ഷയ്ക്കുള്ള പണം നല്‍കുന്നത് ഷാരൂഖ് തന്നെയാണ്. ഇന്ത്യയിൽ, സ്വകാര്യ സുരക്ഷയ്ക്ക് ആയുധങ്ങൾ അനുവദിനീയമല്ലാത്തതിനാലാണ് പൊലീസ് സുരക്ഷ നല്‍കുന്നത്. നേരത്തെ രണ്ട് പൊലീസുകാര്‍ മാത്രമായിരുന്നു ഷാരൂഖ് ഖാനൊപ്പമുണ്ടായിരുന്നത്.
ഉയർന്ന ഭീഷണി നേരിടുന്നവർക്കാണ് വൈ പ്ലസ് സുരക്ഷ അനുവദിക്കുന്നത്. ബോളിവുഡില്‍ നിന്ന് കിങ് ഖാനെ കൂടാതെ സല്‍മാന്‍ ഖാനാണ് വൈ പ്ലസ് സുരക്ഷയുള്ളത്. അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സല്‍മാന് സുരക്ഷ ഏര്‍പ്പെടുത്തിയത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്‌സ് സുരക്ഷയാണുള്ളത്.
Shah Rukh Khan gets Y+ security cover after death threats