DIRECTOR LAL JOSE WITH ACTOR JAYASURYA AND ACTRESS KAVYA MADAVEN AT C.M.S COLLAGE KOTTAYAM.02/05/2006.@ARUN JOHN

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ക്യാംപസ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. എന്നാല്‍ സിനിമയുടെ ചിത്രീകരണവേളയില്‍ ഒട്ടും സുഖകരമായ അനുഭവങ്ങളായിരുന്നില്ല ഉണ്ടായതെന്നു സംവിധായകന്‍ ലാല്‍ ജോസ്. ഷൂട്ടിങ് സമയത്ത് പുറത്തു നിന്നു വന്ന് ചിലര്‍ പ്രശ്നങ്ങളുണ്ടാക്കുകയും നിര്‍മാതാവുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ടെന്നു ലാല്‍ ജോസ് പറഞ്ഞു. 

 

ക്ലാസ്മേറ്റ്സ് സിനിമയിൽ കാവ്യാ മാധവൻ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നു.  തിരക്കഥ മുഴുവൻ വായിച്ചപ്പോൾ, റസിയയാണ് നായികയെന്നും തനിക്ക് റസിയയുടെ കഥാപാത്രം തന്നെ വേണമെന്നും കാവ്യ നിർബന്ധം പിടിച്ചു. പക്ഷേ താരമൂല്യമുള്ള കാവ്യ ആ കഥാപാത്രം ചെയ്‌താൽ ആ വേഷത്തിന്റെ പ്രധാന്യം ആദ്യം തന്നെ പ്രേക്ഷകർക്കു ബോധ്യമാകുമെന്ന് ലാൽജോസിന് ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. ‌ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

 

കാവ്യയുടെ പ്രശ്നം ഈ പടത്തിലെ നായിക താനല്ല, അത് റസിയ ആണെന്നതായിരുന്നു. റസിയയെ കാവ്യ ചെയ്യാമെന്നും താര കുറുപ്പിനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാനും പറഞ്ഞു. കാവ്യയെക്കൊണ്ട് ഒരിക്കലും റസിയയെ അവതരിപ്പിക്കാൻ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാവ്യയെപ്പോലെ ഇത്രയും താരമൂല്യം ഉള്ള ഒരാൾ റസിയയുടെ കഥാപാത്രം ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്കു മനസ്സിലാകും ഈ കഥാപാത്രം കൊണ്ട് സിനിമയിലെന്തോ പരിപാടിയുണ്ടെന്ന്. അതുകൊണ്ട് ആ കഥാപാത്രം എന്തായാലും കാവ്യ ചെയ്യാൻ പറ്റില്ല. 

 

ഞാനാണ് ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ അവളെ അവതരിപ്പിച്ചത് എന്നുള്ളതുകൊണ്ടാണ് അപ്പോഴും ഈ ചിത്രം ചെയ്യാൻ കാവ്യ തയാറായത്. ‘മീശമാധവൻ’ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിൽ അവൾ എന്നോടൊപ്പം വർക്ക് ചെയ്തതുമാണ്. ആ ഒരു കടപ്പാടും സ്നേഹവും ഉള്ളതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാം എന്ന് സമ്മതിച്ചത്. കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്. ഫൈനൽ സ്റ്റേജിൽ എത്തുമ്പോൾ റസിയ സ്കോർ ചെയ്യുമെന്ന് കാവ്യ മനസ്സിലാക്കിയിരുന്നു. പക്ഷേ അത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അല്ലെങ്കിൽ ആ സിനിമ ഇല്ലല്ലോ. അങ്ങനെയാണ് ക്ലാസ്മേറ്റ്സിന്റെ ഷൂട്ടിങ് നടക്കുന്നത്.