empuraan-first-look-poster

സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍– പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്.  പൃഥ്വിരാജിന്‍റെയും മോഹന്‍ലാലിന്‍റെയും ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ‘മൂന്നാമത്തെ സംവിധാന സംരംഭം, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം’ എന്നു കുറിച്ചാണ് പൃഥ്വിരാജ് സുകുമാരന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കിട്ടത്. സൂപ്പർഹിറ്റ് ചിത്രം 'ലൂസിഫറിന്‍റെ’ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍’. 

 

ഒരു പോരാട്ട ഭൂമിയില്‍ തോക്കുമായി‌ പുറം തിരിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ‘വേറെ ലെവല്‍’ എന്നാണ് പോസ്റ്ററിന് വരുന്ന കമന്‍റുകള്‍. ‘തിയേറ്റർ പൂരപ്പറമ്പാക്കാൻ അടുത്ത ഐറ്റം വരുന്നു’ എന്നും ആരാധകര്‍ പറയുന്നു. അതേസമയം മുഖം കാണിക്കാത്തതിലുള്ള പരിഭവവും കമന്‍റുകളിലുണ്ട്. ലൂസിഫർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ മുഖം കാണിച്ചിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. അബ്റാം ഖുറേഷിയായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. 

 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. 'ലൂസിഫർ' അടങ്ങുന്ന ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും കൈകോര്‍ക്കുന്നുണ്ട്.

 

Mohanlal- Prithviraj Sukumaran film Empuraan's first look poster out.