harris-daniel-kerala

മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്‍റെ മകന്‍ 55 വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്‍ പിറന്ന നാട്ടില്‍ സ്ഥിരവാസത്തിനെത്തി. ജെ.സി ഡാനിയേലിന്‍റെ ഏറ്റവും ഇളയമകനായ ഹാരിസ് ഡാനിയേലാണ് തിരുവനന്തപുരം പി.എം.ജിക്ക് സമീപം വാങ്ങിയ അപാര്‍ട്മെന്‍റില്‍ കഴിഞ്ഞ ദിവസം താമസത്തിനെത്തിയത്. അച്ഛനോടൊപ്പം മധുരയില്‍ താമസിക്കുന്ന കാലത്ത് വിഗതകുമാരന്റെ നെഗറ്റീവ് കത്തിച്ചുകളഞ്ഞ വികൃതിയായിരുന്നു ഹാരിസ്. അന്ന് പിതാവ് അത് നിസ്സംഗനായി നോക്കിനിന്നു.

 

അച്ഛന്‍റെ നാട്ടില്‍ നിന്ന് 55 വര്‍ഷമായി അകന്നകഴിയുകയായിരുന്നു ഹാരിസ് ഡാനിയേല്‍. ഇപ്പോഴിതാ ജന്മനാട്ടില്‍ ഒരുമേല്‍വിലാസമായി. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തയുടന്‍ ലൈഫ് ഇന്‍ഷുറന്‍ കോര്‍പറേഷനില്‍ ജോലികിട്ടി. അങ്ങിനെ 1968 ല്‍ തമിഴ്നാട്ടിലെത്തി. എല്‍.ഐ.സിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി വിരമിച്ചശേഷം സേലത്ത് താമസമാക്കി. ഈ വീട് വിറ്റ് ജന്മനാടിന്‍റെ സുരക്ഷിതത്വത്തിലേക്ക് വരാന്‍ തീരുമാനിച്ചതിനുപിന്നില്‍ പലകാരണങ്ങളുണ്ട്. ഹാരിസിന്‍റെ മകള്‍ ആദലിന്‍ കുടുംബസമേതം കോയമ്പത്തൂരാണ് താമസം.

 

ഇപ്പോള്‍ തമിഴ്നാട്ടിലുള്ള അഗസ്തീശ്വരത്താണ് ജെ.സി ഡാനിയേലിന്‍റെ വീട്. വിഗതകുമാരന്‍റെ ചിത്രീകരണം, ക്യാപിറ്റോള്‍ തീയറ്റര്‍, കുടുംബസംഗമങ്ങള്‍, അങ്ങനെ ഓര്‍മച്ചിത്രങ്ങളുടെ വന്‍ശേഖരം തന്നെ ഹാരിസിന്റെ പക്കലുണ്ട്. ഭാര്യസുശീലയുമൊത്ത് ആല്‍ബങ്ങളിലൂടെ കടന്നുപോയകാലം വീണ്ടെടുക്കുകയാണ് ഹാരിസ്. നടന്നുതീര്‍ത്ത വഴികളിലൂടെ തിരികെയാത്ര തുടരണമെന്ന ആഗ്രഹവുമായി. പിതാവിന്‍റെ ജീവിക്കുന്ന ഓര്‍മകളുമായി മകന്‍ ഇനി മലയാള മണ്ണിലുണ്ടാകും.

 

After 55 years, JC Daniel's son Harris Daniel has settled in his father's native land, Kerala.