aparna-nayanthara

വസ്ത്രവ്യാപാര രംഗത്തേയ്ക്ക് ചുവടുവച്ച് നടി അപര്‍ണ ബാലമുരളി. ഹിപ്‌സ് വേ ഡോട്ട് കോം എന്നാണ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പേര് നല്‍കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് അപര്‍ണയുടെ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഹിപ്‌സ് വേ ഡോട്ട് കോമിനെ പരിചയപ്പെടുത്തുന്ന വീഡിയോക്കൊപ്പം അപര്‍ണയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള കുറിപ്പും നയന്‍താര പങ്കുവച്ചു. 

'അപര്‍ണയ്ക്ക് അഭിനന്ദനങ്ങള്‍. നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു. പുത്തന്‍ സംരംഭത്തിന് എല്ലാവിധ ആശംസകളും' എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നയന്‍താരയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അപര്‍ണയും പോസ്റ്റിന് താഴെ കമന്‍റുമായെത്തി. സുഹൃത്തുക്കളായ പൂജാ ദേവ്, ബിയോ ഷാ എന്നിവരുമായി ചേര്‍ന്നാണ് അപര്‍ണ പുത്തന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. 

അപര്‍ണയുടെ ആദ്യത്തെ ബിസിനസ് സംരംഭമല്ല ഹിപ്‌സ് വേ ഡോട്ട് കോം. എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഒരു ഇവന്‍റ് പ്ലാനിങ് കമ്പനിയുടേയും സഹസ്ഥാപകയാണ് അപര്‍ണ. അപര്‍ണയും സുഹൃത്ത് മഹേഷ് രാജനുമാണ് ഇവന്റ് പ്ലാനിങ് കമ്പനിക്ക് നേതൃത്വം നല്‍കുന്നത്. നടന്‍ ജയറാമിന്റേയും പാര്‍വതിയുടേയും മക്കളായ കാളിദാസിന്റേയും മാളവികയുടേയും വിവാഹ നിശ്ചയ ചടങ്ങുകളുടെ ഇവന്‍റ് ഓര്‍ഗനൈസര്‍ അപര്‍ണയുടെ എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് ആയിരുന്നു. അതിമനോഹരമായിട്ടാണ് കാളിദാസ്-തരിണി, മാളവിക-നവനീത് വിവാഹ നിശ്ചയം എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് സംഘടിപ്പിച്ചത്. 

ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വര്‍ണാഭമായ ചടങ്ങുകള്‍ക്ക് പിന്നില്‍ അപര്‍ണയുടെ ഇവന്‍റ് പ്ലാനിങ് കമ്പനിയാണെന്നത് അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്. അഭിനയരംഗത്ത് മാത്രമല്ല ബിസിനസ് മേഖലയിലും തനിക്ക് തിളങ്ങാനാകുമെന്ന് തെളിയിക്കുകയാണ് അപര്‍ണ. 

Aparna Balamurali started new venture