മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതിനെ പറ്റി തുറന്നുപറഞ്ഞ് ജയറാം. പല സന്ദര്‍ഭങ്ങളിലും തനിക്കു തന്നെ അവാര്‍ഡ് കിട്ടുമെന്നു ഉറപ്പിക്കുന്ന ഘട്ടങ്ങളുണ്ടായിട്ടുണ്ടെന്നും പ്രഖ്യാപിക്കുമ്പോള്‍ മറ്റാരെങ്കിലുമാവുമെന്നും ജയറാം പറഞ്ഞു. കാലങ്ങളായി ഇങ്ങനെ സംഭവിക്കാറുണ്ടെന്നും തനിക്കു അതില്‍ പുതുമയില്ലെന്നും മനോരമ ന്യൂസ് നേരേ ചൊവ്വേ രണ്ടാം ഭാഗത്തില്‍ അദ്ദേഹം പറഞ്ഞു.
'മാധ്യമങ്ങള്‍ക്കാണു ഏറ്റവും വേഗത്തില്‍ വാര്‍ത്തകള്‍ ലഭിക്കുന്നത്. ലൈവിന്റെ വാനുമായി മാധ്യമങ്ങള്‍ എന്‍റെ വീട്ടിലേക്കു വന്ന സമയമുണ്ട്. ഉറപ്പായും എനിക്കു കിട്ടില്ല എന്നാണ് അവരോട് പറഞ്ഞത്. ഞങ്ങള്‍ക്കു നേരത്തെ വിവരം കിട്ടും, ജയറാമിന് തന്നെയാണ് എന്ന് അവര്‍ പറഞ്ഞു. ഇതിന് മുമ്പും പല സിനിമകള്‍ വന്നപ്പോഴും കാലത്തു പത്തു മണി വരെ ഞാനായിരിക്കും മികച്ച നടന്‍. 11 മണിക്കു പ്രഖ്യാപിക്കുമ്പോള്‍ വേറെ ആളായിരിക്കും. അതുകൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കണ്ട, പൊക്കോളൂ എന്നു ഞാന്‍ മാധ്യമങ്ങളേോട് പറയും. ഞാന്‍ പറഞ്ഞതു പോലെ തന്നെ പ്രഖ്യാപിച്ചപ്പോള്‍ വേറെ ആള്‍ക്കായിരുന്നു. ഇതു കാലങ്ങളായി സംഭവിക്കുന്നതാണ്. എനിക്ക് അതില്‍ പുതുമയില്ല– ജയറാം പറഞ്ഞു.
പത്തു പേര്‍ ഒരു മേശക്കു ചുറ്റും ഇരുന്നു തീരുമാനിക്കുന്ന കാര്യമല്ലേ. അവര്‍ക്കു ജയറാമിനെ വേണ്ട എന്നു തോന്നിയാല്‍ തീര്‍ന്നു. നല്ലതൊക്കെ ചെയ്തിട്ടുണ്ട്. കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. പിന്നെ ഞാന്‍ സന്തോഷിക്കുന്ന വേറൊരു കാര്യമുണ്ട്. വെറുമൊരു കോമഡി പടമാണ് തെനാലി. ആ സിനിമയില്‍ കമല്‍ സാറിന്‍റെ കൂടെ അഭിനയിച്ചതിന് തമിഴ്നാട് സര്‍ക്കാരിന്‍റെ സംസ്ഥാന അവാര്‍ഡ് എനിക്ക് കിട്ടി. അതൊരു വലിയ ബഹുമാനമായി വിചാരിക്കുന്നു,' ജയറാം പറഞ്ഞു.
Jayaram opens up about not getting the state award for best actor