രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന കെ.എസ്.ചിത്രയുടെ വിഡിയോ സന്ദേശത്തിന് സമൂഹമാധ്യമങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നും ഗായകന്‍ സൂരജ് ഇന്‍സ്റ്റാഗ്രാം സ്റ്റേറിയില്‍ കുറിച്ചു. 'ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം'- സൂരജ് സന്തോഷ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു.
ഇതിനു പിന്നാലെ ചിത്രയെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഗായകന്‍ ജി വേണുഗോപാലും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തി. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെയെന്നാണ് ജി വേണുഗോപാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.