സുബി സുരേഷ്. ഒരു ചിരിയോടെയല്ലാതെ മലയാളത്തിന് ഓര്‍ക്കാനാകാത്ത മുഖം.  നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞുപറഞ്ഞ് ചിരിപ്പിച്ച കലാകാരി ഓര്‍മകളിലേക്ക് മറഞ്ഞിട്ട് ഒരു വര്‍ഷം. ചിരിയുടെ ആ പഴയ ഫ്രെയിമുകളിലൂടെ ചിരിപ്പിക്കാന്‍ സുബി എത്തുമ്പോഴും അപ്രതീക്ഷിതമായ ആ വേര്‍പാട് നോവായി ഇന്നും ബാക്കിയാണ്. സ്റ്റേജുകളില്‍ കൂടെ തകര്‍ത്തഭിനയിച്ച, കൗണ്ടറുകള്‍ പായിച്ച പലര്‍ക്കും പക്ഷെ, ഇപ്പോഴും ഉള്‍കൊള്ളാനാവുന്നില്ല ആ കോമ്പോ ഇനി ഒരിക്കലും സംഭവിക്കില്ലെന്ന്.

സുബിയെ ആഴത്തില്‍ അറിഞ്ഞ, ഒരുപാട് കാലം ഒപ്പം സ്റ്റേജുകളിൽ ഒരുമിച്ച് അഭിനയിച്ച ടിനി ടോം സുബിയെ ഓർക്കുന്നു: 

സുബിയുടെ അവസാന നാളുകളിൽ ഒരുപാട് ഓടി നടന്ന ആളാണ് ടിനിടോം. എന്നിട്ടും സുബി പോയി. പ്രതീക്ഷ കൈവിട്ടിരുന്നോ അവസാനം?

'സുബിയ്ക്ക് ഇത്ര വയ്യ എന്ന് സത്യത്തിൽ അറിയില്ലായിരുന്നു. മരിക്കുന്നതിന് ഒരു പതിനൊന്ന് ദിവസം മുൻപാണ് രോ​ഗവിവരവും അതിത്ര വഷളായെന്നും നിങ്ങൾ ഇടപെടണമെന്നും ഒരു സുഹൃത്ത് വിളിച്ചു പറയുന്നത്. അതറിഞ്ഞ് ആശുപത്രിയിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. സുബി തന്നെ പറഞ്ഞിരുന്നു രോ​ഗവിവരം ആരോടും പറയരുതെന്ന്. അതുകൊണ്ട് അറിയാൻ വൈകി. കരൾ മാറ്റി വയ്ക്കുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു. കഴിയുന്നത്ര വേ​ഗത്തിലാക്കാൻ ശ്രമിച്ചു. സുരേഷ്​ഗോപിയും സഹായിച്ചു. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു'.

സ്റ്റേജ് ഷോകളിൽ സുബിയെന്ന ആർട്ടിസ്റ്റ് എത്രത്തോളം സഹായിച്ചിട്ടുണ്ട്? 

'നമ്മളിപ്പോഴും ഓരോ പ്രോ​ഗ്രാമുകൾ വരുമ്പോള്‍ കാസ്റ്റ് ചെയ്യുമ്പോൾ സുബിയെ വയ്ക്കാം  എന്ന് നാവിൻ തുമ്പത്തിങ്ങനെ വരും. സുബിയില്ല എന്നൊരു ചിന്ത വരുന്നില്ല. തുടർച്ചയായി ഫോൺ വിളിച്ചുകൊണ്ടിരുന്ന ആളല്ല. എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ വിശേഷം ഉള്ളപ്പോൾ ആണ് വിളിക്കാറ്. അതുകൊണ്ട് അവൾ പോയി എന്ന ചിന്ത വരാറേയില്ല. സ്റ്റേജ് പരിപാടികൾ വരുമ്പോൾ അവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. സുബിയെ പോലെ സ്കിറ്റ് ചെയ്യാൻ പറ്റുന്ന അത്ര വൈബ്രന്റ് ആയ ഒരു ആർട്ടിസ്റ്റ് ഇല്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ കാസ്റ്റ് ചെയ്യുമ്പോൾ ആ ശൂന്യത വല്ലാതെ അനുഭവപ്പെടും. എന്തിനും മുന്നിൽ നിൽക്കുന്ന ഒരാളായിരുന്നു.'

ചിരിക്കുന്ന മുഖമാണ് സുബിയെ ഓർക്കുമ്പോൾ മനസിലേക്കെത്തുക. വ്യക്തി ജീവിതത്തിലും അങ്ങനെയായിരുന്നോ?

'സുബിക്ക് ജീവിതത്തിൽ  ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ ഒരിക്കലും അത് പുറമേ കാണിച്ചിരുന്നില്ല. ഭയങ്കര എനർജിയാണ് എപ്പോഴും. വെറുതെയിരിക്കുമ്പോഴും തമാശ പറയുകയും ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. നമ്മുടെ കൂട്ടത്തിലൊരാളായി നിൽക്കും. എവിടെ പരിപാടിക്ക് പോയാലും വീട്ടുകാർ ഇല്ലാതെ കൂടെ വരാൻ സുബി ഒകെ ആയിരുന്നു. വീട്ടുകാർക്കും അത്ര ധൈര്യമായിരുന്നു സുബിയെ വിടാനും.' 

സുബിയെ ഓർക്കുമ്പോൾ മനസിലേക്ക് ആ​ദ്യമെത്തുന്ന അല്ലെങ്കിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന ഒരോർമ്മ..?

സുബി ആദ്യമായി ഒരു പ്രോ​ഗ്രാം ഷൂട്ടിന് പോയത് വരാപ്പുഴയിലാണ്. അവിടെയാണ് സുബിയുടെ കരിയർ തുടക്കം. സിനിമാല എന്ന പ്രോ​ഗ്രാമിന്റെ ചിത്രീകരണം ആയിരുന്നു അത്. അന്ന് സുബിയെ പ്രോ​ഗ്രാമിന് കൊണ്ടുപോയത് ഞാനാണ്. ഒരു ട്രാവലറിൽ ഒരുമിച്ചാണ് ഞങ്ങൾ പോയത്. പിന്നീട് സുബി വരാപ്പുഴയിൽ തന്നെ വീട് വെച്ച് താമസവുമാക്കി. സുബിയുടെ അവസാന യാത്രയും അങ്ങനെ അവിടെ നിന്നായിരുന്നു. വരാപ്പുഴയിലെ ശ്മശാനത്തിലേക്ക്. ആ യാത്രയിലും ഒപ്പം ഞാനുണ്ടായിരുന്നു. അത് വല്ലാത്ത ഹ‍ൃദയ വേ​ദനയുണ്ടാക്കിയ നിമിഷമായിരുന്നു. അന്ന് ആ വണ്ടിയിലിരുന്ന് ഞാൻ ആലോചിച്ചു. പണ്ട് ആദ്യമായി ഒരുമിച്ചാണല്ലോ  വണ്ടിയിൽ ഈ  വരാപ്പുഴയിലേക്ക് വന്നത്. ഇപ്പോൾ അവസാനമായി  സുബിയെ യാത്രയാക്കാനും ഒരു വണ്ടിയിൽ. ഒരു നിമിത്തംപോലെ'!.

ചികിൽസ വൈകി എന്ന ആരോപണം അന്ന് കേട്ടിരുന്നു, അതിൽ വാസ്തവമുണ്ടോ?

'ആശുപത്രിയിൽ നിന്ന് എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. നല്ലതായാണ് തോന്നിയത്. പിന്നെ ഞാൻ അവസാന സമയത്താണ് ഇത് അറിഞ്ഞ് കാര്യങ്ങളിലേക്ക് വരുന്നത്. കൂടുതൽ കാര്യങ്ങൾ അറിയില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അങ്ങനെ തോന്നിയെങ്കിൽ അന്നു തന്നെ പറയണമായിരുന്നു. ചിലപ്പോൾ പ്രൈവസി ഒക്കെ ഓർത്തിട്ട് പറയാതിരുന്നതാകാം. കാര്യങ്ങൾ മാക്സിമം നന്നായി ആശുപത്രിയിൽ നടന്നു എന്നാണ് എനിക്ക് തോന്നിയത്. പിന്നെ ആളുപോയി ഇനി പറഞ്ഞിട്ടെന്തുകാര്യം'.

'കഴിഞ്ഞ വർഷം പ്രിയപ്പെട്ട ഒരുപാട് പേരാണ് പെട്ടെന്ന് യാത്രപറഞ്ഞു പോയത്. സംവിധായകൻ സിദ്ദിഖ്, നടൻ സുധി, ഇന്നസെന്റ്... എല്ലാവരും പോയപ്പോൾ വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെടുന്നത്. സഥിരമായി വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന പലരും നഷ്ടപ്പെട്ടുപോകുമ്പോൾ വല്ലാത്ത അനാഥത്വം അനുഭവപ്പെടുന്നു'. ടിനി ടോം പറഞ്ഞുനിര്‍ത്തി.