ഷാരൂഖ് ഖാന്‍ തെന്നിന്ത്യന്‍ താരം രാം ചരണിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെബ ഹസ്സന്‍. ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെയായിരുന്നു സംഭവമെന്നും സെബ വ്യക്തമാക്കി. രാം ചരണിന്‍റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സെബ തന്‍റെ  ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരോപണവുമായി രംഗത്തെത്തിയത്. 

 

മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുവരെ നടന്ന പ്രീവെഡ്ഡിങ് ആഘോഷത്തിന്‍റെ ആദ്യദിനമാണ് സംഭവം നടന്നത്. ഷാരൂഖ് വേദിയിലേക്ക് നൃത്തം ചെയ്യാനായി രാംചരണിനെ ക്ഷണിച്ചത് ബഹുമാനമില്ലാത്ത രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നെന്ന് സെബ പറയുന്നു. ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന  പാട്ടിനൊപ്പം വേദിയില്‍ ഷാരൂഖും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും നൃത്തം ചെയ്യവേയാണ് രാം ചരണിനെ വേദിയിലേക്ക് ക്ഷണിച്ചത്. 'ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?' എന്നായിരുന്നു വേദിയില്‍ നിന്നും ഷാരൂഖ് ചോദിച്ചത്. ഇത് കേട്ടതോടെ താന്‍ വേദി വിട്ടുപോയെന്നും സെബ കുറിച്ചു.

 

എന്നാല്‍ ഷാരൂഖിന്‍റെ ഹാസ്യരൂപേണയുളള വിളിയില്‍ യാതൊരു പരിഭവവുമില്ലാതെ വേദിയിലെത്തി മൂവര്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന രാം ചരണിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സെബ പങ്കുവച്ച കുറിപ്പിന് പിന്നാലെ ഷാരൂഖിനെ പിന്തുണച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. 'വണ്‍ ടു കാ ഫോര്‍' എന്ന ഷാരൂഖ് ചിത്രത്തിലെ ചില ഡയലോഗുകള്‍ക്ക സമാനമായ വാക്കുകളാണ് ഷാരൂഖ് വേദിയില്‍ പറഞ്ഞതെന്നും അതെല്ലാം തികച്ചും തമാശയായിരുന്നെന്നും ആരാധകര്‍ പറഞ്ഞു.

 

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന അംബാനി കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുക്കാനായി രാം ചരണും ഭാര്യ ഉപാസനയും എത്തിയിരുന്നു. ഇരുവരുടെയും മേക്കപ്പ് ചെയ്തത് സെബയായിരുന്നു. ഹൈദരാബാദുകാരിയായ സെബ അതിന്‍റെ ചിത്രങ്ങളും വിഡിയോകളും തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.

Shah Rukh Khan use disrespectful word to call Ram charan; says Ram charan's make up artist