സംഗീതസൃഷ്ടി ഉൾപ്പെടെ എന്തുകാര്യം ചെയ്താലും അതിൻ്റെ ഉദ്ദേശ്യം പ്രധാനമാണെന്ന് വിഖ്യാതസംഗീതജ്ഞൻ എ.ആർ.റഹ്മാൻ. വിഭജിക്കലാകരുത്, മനസുകളെ ഒന്നിപ്പിക്കുകയും സാന്ത്വനപ്പെടുത്തുകയുമാകണം ഏത് സൃഷ്ടിയുടെയും ഉദ്ദേശ്യമെന്നും അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ബോംബെ' സിനിമയിൽ കണ്ട സാമുദായിക ചേരിതിരിവുകൾ രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. 

 

 

ബോംബെ പോലുള്ള സിനിമകൾക്ക് നൽകിയ മ്യൂസിക്...പ്രത്യേകിച്ച് അതിൻ്റെ തീം മ്യൂസിക് ഒക്കെ ഇപ്പോഴും നമ്മുടെ കാതുകളിലുണ്ട്. അതിൻ്റെ കഥയും നമുക്കറിയാം. ഇന്നും അത്തരത്തിലുള്ള സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. വിഭാഗീയമായ ചിന്തകളും പ്രശ്നങ്ങളും പലയിടത്തും കാണാൻ കഴിയും. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ ഈ നാടിനോട് പറയാനുള്ളത് എന്താണ്?.

 

 സംഗീതം വാക്കുകൾക്കും കവിതയ്ക്കുമെല്ലാം അതീതമായ ഒരു ഉപകരണമാണ്. വാക്കുകളിലൂടെ പറയാൻ കഴിയാത്ത കാര്യങ്ങൾ സംഗീതത്തിലൂടെ നമുക്ക് പറയാം. ഹൃദയം അലിയിപ്പിക്കാൻ സംഗീതത്തിന് കഴിയും. ചില പാട്ടുകളുടെ വരികൾ മനസിലായില്ലെങ്കിൽപ്പോലും അത് ആളുകൾ കേട്ടുകൊണ്ടിരിക്കും. അടുത്തിടെ ഇറങ്ങിയ 'കുൻ ഫയ കുൻ' എന്ന ഹിന്ദി ഗാനത്തെക്കുറിച്ച് എന്നോടുതന്നെ പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്. അവിടെ വിശ്വാസത്തിൻ്റെ അതിർവരമ്പുകളില്ല. ഒരു കാര്യം ചെയ്യുമ്പോൾ നമ്മുടെ ഉദ്ദേശ്യം എന്താണ് എന്നതാണ് പ്രധാനം. വിഭജിക്കലാകരുത് ഉദ്ദേശ്യം. എങ്ങനെ ആളുകളെ, മനസുകളെ ഒന്നിപ്പിക്കാം എന്നതാകണം. എങ്ങനെ ഒരു മനോഹരമായ ശബ്ദം - സംഗീതം -  സൃഷ്ടിക്കാം എന്നതാകണം. ഒരു പാട്ട് എന്താണ് എന്ന് പരിചയപ്പെടുത്താൻ കഴിയുന്ന ഒരു നല്ല തുടക്കം എങ്ങനെ സൃഷ്ടിക്കാം എന്നതാകണം...പലപ്പോഴും അത്തരം പരിചയപ്പെടുത്തലുകൾ ഇല്ലാതെതന്നെ ആളുകൾ കാര്യങ്ങൾ മനസിലാക്കും. അത് സെൽഫ് എക്സ്പ്ലനേറ്ററിയാണ്.

Music should unite people not divide says A R Rahman