ഫഹദ് ഫാസിലിന്റെ പുതിയ തെലുങ്ക് ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. ഓക്സിജന്‍, ഡോൺഡ് ട്രബിൾ ദ ട്രബിൾ എന്നീ രണ്ടു ചിത്രങ്ങളാണ് എസ്.എസ്.രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ പ്രഖ്യാപിച്ചിരിക്കുന്നത്. മാസ്ക് ധരിച്ച ഫഹദിന്‍റെ പോസ്റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ എസ് എസ് രാജമൗലി ഫിലിംസിനൊപ്പം അർക്ക മീഡിയ വർക്ക്സും പങ്കാളിയാണ്. പുഷ്പയ്ക്ക് ശേഷമുള്ള ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രങ്ങളാണിത്.
സിദ്ധാർഥ് നടേലയാണ് ഓക്സിജൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശശാങ്ക് യെലെതിയാണ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.എസ്.രാജമൗലിയാണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ പ്രോജക്ടുകൾ. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് ഓക്സിജന്‍ ചിത്രം ഒരുക്കുന്നത്.
പരിവര്‍ത്തനത്തിനെയും സൗഹൃദത്തെയും ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഓക്സിജൻ. ചില യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയ ഒരുക്കുന്ന ചിത്രമാണിത്. ഡോണ്ട് ട്രബിൾ ദ് ട്രബിൾ ചിത്രം കുട്ടികൾക്കായുള്ള ഫാന്റസി ചിത്രമാണെന്നാണ് പോസ്റ്ററുകളിലൂടെ ലഭ്യമാകുന്ന സൂചന. പാൻ ഇന്ത്യൻ താരമായി വളരുന്ന ഫഹദ് ഫാസിലിന്റെ കരിയറിലെ അടുത്ത ഘട്ടം കൂടിയാണ് ഈ സിനിമയിലൂടെ ആരംഭിക്കുന്നത്. ഈ വർഷം തന്നെ ഫഹദ് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
കാർത്തികേയയുടെ കരിയറിൽ ആദ്യമായി വിതരണത്തിനെടുത്തതതും മലയാള സിനിമയായ പ്രേമലുവിന്റെ തെലുങ്ക് പതിപ്പായിരുന്നു. പ്രേമലുവിന്റെ നിർമാണ പങ്കാളികളിൽ ഒരാൾ ഫഹദ് ഫാസിലായിരുന്നു. ഈ രണ്ട് സിനിമകളും നാല് ഭാഷകളിലും റിലീസ് ചെയ്യും. പുഷ്പ 2, വേട്ടയ്യൻ, മാരീശൻ എന്നിവയാണ് ഫഹദിന്റെ മറ്റു പ്രോജക്ടുകൾ. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശം’ അടുത്ത മാസം തിയറ്ററുകളിലെത്തും.