സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ ഷൂട്ടിനായി താന്‍ മുതലകളുള്ള വെള്ളത്തിലിറങ്ങിയെന്ന് നടന്‍ രണ്‍ദീപ് ഹൂഡ. നീന്തലറിയാതെയാണ് താന്‍ വെള്ളത്തിലേക്ക് ഇറങ്ങിയതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ദീപ് പറഞ്ഞു. 'കാലാ പാനിയിലും ആന്‍ഡമാനിലും ഷൂട്ടുണ്ടായിരുന്നു. അവിടുത്തെ വെള്ളത്തില്‍ മുതലകളുണ്ടായിരുന്നു. വെള്ളത്തിലേക്കിറങ്ങുമ്പോളെ എനിക്കൊപ്പം അഞ്ച് മുങ്ങല്‍വിദഗ്ദര്‍ ഉണ്ടായിരുന്നു. കാരണം എനിക്ക് നീന്താനറിയില്ലായിരുന്നു. എന്നാല്‍ അവിടെ ഞാന്‍ തന്നെ നീന്തുകയും തിരികെ കയറുകയും ചെയ്തു. നിങ്ങള്‍ക്ക് നീന്താന്‍ അറിയാമല്ലോ എന്നും എന്തിനാണ് ഞങ്ങളെ വിളിച്ചതെന്നും അവര്‍ ചോദിച്ചു. മുതലകള്‍ക്കായാണ് നിങ്ങളെ വിളിച്ചതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്,' രണ്‍ദീപ് പറഞ്ഞു.
ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ ദയനീയ പ്രകടനത്തെ പറ്റിയും വിമര്‍ശനങ്ങളെ പറ്റിയും ചോദിച്ചപ്പോള്‍ സവര്‍ക്കറുടെ ജീവിതവും ഇങ്ങനെ തന്നെയായിരുന്നു എന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്. ആളുകള്‍ എല്ലായ്പ്പോഴും അദ്ദേഹത്തെ ഒരു ചട്ടക്കൂടിനുള്ളിലാക്കി തളര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു. തീയേറ്ററില്‍ ഞങ്ങള്‍ക്ക് നല്ലൊരു തുടക്കം ലഭിച്ചില്ലെങ്കിലും സിനിമ ആളുകളിലേക്ക് എത്തുന്നുണ്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ മുതല്‍ക്കൂട്ടാവുമെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്തിട്ടും സിനിമക്ക് ഗുണം ചെയ്തില്ലെന്ന് രണ്‍ദീപ് ഹൂഡ പറഞ്ഞു.
Randeep Hooda says he entered crocodile-infested waters