രണ്‍ബീര്‍ കപൂര്‍ നായകവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രമാണ് രാമായണ. പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായെത്തുന്നത് കെജിഎഫ് താരം യഷ് ആണ്. ചിത്രത്തില്‍ രാവണനായെത്തുന്നതിന് 80 കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രതിഫലത്തുകയായ 80 കോടി യഷ് നിരസിച്ചതായും മറ്റൊരാവശ്യം മുന്നോട്ട് വച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

പ്രതിഫലത്തുകയായ 80 കോടി നിരസിച്ച യഷ് പകരം രാമായണയുടെ സഹനിര്‍മാതാവായി എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാവണവേഷത്തിനൊപ്പം സഹനിര്‍മാതാവിന്‍റെ റോളും അണിയുകയാണ് താരം. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയും ഹനുമാനായി എത്തുന്നത് സണ്ണി ഡിയോളുമാണ്. രാമായണ ചിത്രീകരണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

 

രാമനായി അഭിനയിക്കുന്നതിന്‍റെ ഭാഗമായി നടന്‍ രണ്‍ബീര്‍ കപൂര്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ രണ്‍ബീറിന്‍റെ ട്രെയ്നര്‍ പുറത്തുവിട്ടിരുന്നു. അനിമല്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം രണ്‍ബീര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് രാമായണ. ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

KGF star Yash decided to not charge his usual Rs 80 crore fee in Ramayana Movie