മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ സംവിധാനമികവില്‍ ഇറങ്ങുന്ന ചിത്രമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. ഒരേ സമയം നായകനായും സംവിധായകനായും തിളങ്ങുന്ന മോഹന്‍ലാലിനെയാണ് മേക്കിങ് വിഡിയോയില്‍ കാണാനാവുക. ചിത്രത്തിന്‍റെ ബിഹൈൻഡ് ദി സീൻസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വി‍ഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു. 

 

ആരാധകര്‍ക്കായി വലിയൊരു ദൃശ്യവിസ്മയമാണ് മോഹന്‍ലാല്‍ ഒരുക്കുന്നതെന്ന് മേക്കിങ് വിഡിയോയില്‍ വ്യക്തമാണ്. ത്രീഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക്കും ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ചിട്ടുളള ഒന്നാണ്  ഗ്രാവിറ്റി ഇല്യൂഷൻ ടെക്നിക്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ചില്‍ ആയിരുന്നു. കൊവിഡ് അടക്കം പല കാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. 

 

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഫാന്‍റസി വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പല വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.   ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ് തന്നെയാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബറോസ് മെയ് മാസത്തില്‍ മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Barroz making video out now