ആവേശം സിനിമയിലെ ഡയലോഗിന് എതിരെ എക്സില്‍ വിമര്‍ശനം. ദേശിയ ഭാഷയെ അപമാനിക്കുന്നു എന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ‌ഉയരുന്നത്. ആവേശത്തിലെ ഇന്റര്‍വെല്‍ സീനിലെ ഫഹദിന്റെ കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെ ഡയലോഗിനെ ചൊല്ലിയാണ് വിവാദം. 

മലയാളത്തിലും കന്നഡയിലും രംഗന്‍ വാണിങ് കൊടുത്തതിന് ശേഷം ഹിന്ദിയില്‍ അതേ ഡലയോഗ് പറയാന്‍ പോകുന്നു. എന്നാല്‍ ആ സമയം അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നു. ഇതാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്. 

ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ച്ചപ്പാട് ഇതാണെന്നും രാഷ്ട്രഭാഷയ്ക്ക് ബഹുമാനം നല്‍കു എന്നുമെല്ലാമാണ് എക്സില്‍ ഉയരുന്ന പ്രതികരണങ്ങള്‍. എന്നാല്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി എന്നും കൂടുതല്‍ ബഹുമാനം കൊടുക്കേണ്ടതില്ല എന്ന കമന്റുകളും എക്സില്‍ ഉയരുന്നുണ്ട്.