മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ലൂസിഫര്‍ എന്ന ആദ്യഭാഗം ഉണ്ടാക്കിയ തരംഗം തന്നെ അതിന് മുഖ്യകാരണം. പതിവ് മാസ് സിനിമകളില്‍ നിന്നും വിപരീതമായി ഒരു പുതിയ ഭാവമായിരുന്നു ലൂസിഫറിനുണ്ടായിരുന്നത്. മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നുകൂടിയാണ് ലൂസിഫര്‍.
എമ്പുരാന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുമുള്ള വിഡിയോ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുകയാണ്. സെറ്റില്‍ നിന്നും ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന പൃഥ്വിയെ ആണ് വിഡിയോയില്‍ കാണുന്നത്. ലൂസിഫറിലെന്ന പോലെ നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് എമ്പുരാനിലുമുള്ളത്. ഇവര്‍ക്കാണ് പൃഥ്വി നിര്‍ദേശം നല്‍കുന്നത്. ആക്ഷന്‍ പറയുമ്പോള്‍ പറഞ്ഞുതന്നതുപോലെ ചെയ്യണമെന്നും നല്ല എനര്‍ജി വേണമെന്നുമാണ് പൃഥ്വി പറയുന്നത്. ഒരുമാതിരി ചത്തഭാവം ആയിപ്പോകരുതെന്നും പൃഥ്വി ഒപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പൃഥ്വിക്കൊപ്പം വെള്ള സാരിയുടുത്ത് മഞ്ജു വാര്യറും നില്‍ക്കുന്നുണ്ട്.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ ലൂസിഫറില്‍ അഭിനയിച്ചിരുന്നത്. ഖുറേഷി എബ്രഹാം എന്ന നായകന്‍റെ രണ്ടാം മുഖം കാണിച്ചായിരുന്നു ചിത്രം അവസാനിച്ചിരുന്നത്. ഖുറേഷ് എബ്രഹാമിനായിരിക്കും എമ്പുരാനില്‍ കൂടുതല്‍ പ്രാധാന്യം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ടാവും. ലൂസിഫറില്‍ വളരെ കുറച്ചുസമയം മാത്രം സ്ക്രീനില്‍ വന്ന പൃഥ്വിരാജിന്‍റെ സയിദ് മസൂദിനും എമ്പുരാനില്‍ കൂടുതല്‍ പ്രധാന്യമുണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ രചന.