ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാർഷികം ആഘോഷമാക്കി മോഹൻലാലും ടീമും. എൽ360 സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു ആഘോഷം നടന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രമാണ് എല്‍360. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആണ് മോഹൻലാൽ ചിത്രം നിർമിക്കുന്നത്.
മോഹൻലാൽ, തരുൺ മൂർത്തി, മണിയൻപിള്ള രാജു തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. ചിപ്പി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചിപ്പി രഞ്ജിത്. മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെ വിവാഹം. വിവാഹശേഷം നടി സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ അഭിനയം ഉപേക്ഷിക്കാൻ താരം ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകുന്നത്. ഇവർക്ക് അവന്തിക എന്ന മകളുണ്ട്. എൽ360 എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അവന്തിക. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.