ഈ വര്‍ഷം ഇറങ്ങിയ ഹിറ്റ് സിനിമകളിലൊന്നും സ്​ത്രീപ്രാതിനിധ്യമില്ല എന്ന ചര്‍ച്ചകള്‍ അടുത്തിടെ സജീവമായിരുന്നു. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്​സ്, ആവേശം, ആടുജിവിതം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളാണ് നായികമാരില്ലാതെ ഹിറ്റടിച്ചത്. സംവിധായിക അഞ്ജലി മേനോന്‍ തന്നെ ഈ ചോദ്യമുന്നയിക്കുന്ന ചിത്രം പങ്കുവച്ചതോടെ ചര്‍ച്ച പലവഴിയില്‍ ചൂട് പിടിക്കുകയാണ്. മലയാള സിനിമയിലെ സ്​ത്രീ പ്രാതിനിധ്യത്തെ പറ്റി സിനിമയിലുള്ളവര്‍ക്ക് തന്നെ എന്താണ് പറയാനുള്ളത് എന്ന് പരിശോധിക്കുകയാണ് ഇവിടെ.

പ്രമുഖരുടെ പ്രതികരണങ്ങളുമായി പരമ്പര ആരംഭിക്കുന്നു:  ‘പെണ്ണിന് തിരയില്‍ ഇടം കുറയുന്നോ..?’

വിധു വിന്‍സെന്‍റ് (സംവിധായിക)

സ്ത്രീകളുടെ പ്രാതിനിധ്യമില്ലാത്ത സിനിമകള്‍ തിയറ്ററിലെത്തുകയും ആഘോഷിക്കപ്പെടുകയും വിജയിക്കുകയും ചെയ്യുന്നു. 'മഞ്ഞുമ്മല്‍ ബോയ്​സ്', 'ആവേശം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നിങ്ങനെ അടുത്തിടെ ഇറങ്ങിയ സിനിമകളിലെല്ലാം നാമമാത്രമായേ സ്​ത്രീകളെയേ  കാണുന്നുള്ളൂ. ഇത്തരം സിനിമകള്‍ ഒരുക്കി അത് വിജയിക്കുമ്പോള്‍ അങ്ങനെ ഒരു ഫോര്‍മുല രൂപപ്പെടുകയും അത് അനുകരിക്കപ്പെടുകയും ചെയ്യും. ഞാനടക്കമുള്ള സ്​ത്രീസംവിധായകര്‍ കാര്യമായി ആലോചിക്കേണ്ട വിഷയമാണിത്.

എന്നാലിത് സ്ത്രീകളുടെ മാത്രം പ്രശ്​നമല്ല. ജനസംഖ്യയില്‍ പകുതിയില്‍ കൂടുതലുള്ള ഒരു വിഭാഗത്തിനെ അപ്രത്യക്ഷമാക്കിക്കൊണ്ട്, സിനിമ പോലെ സാംസ്​കാരിക മൂല്യമുള്ള കല വിപണിയില്‍ എത്തുമ്പോള്‍, എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത് എല്ലാവരും ആലോചിക്കേണ്ടതാണ്. അതില്‍ വലിയ ഉത്തരവാദിത്തം ഞാനടക്കമുള്ള സ്ത്രീ സംവിധായകര്‍ക്കുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ 'ഉദാഹരണം സുജാത', 'പ്രതി പൂവന്‍കോഴി', 'ഹെലന്‍' എന്നിങ്ങനെയുള്ള സിനിമകള്‍, സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ വന്നാല്‍ വിജയിക്കില്ല എന്ന ധാരണയെ തിരുത്തിയിട്ടുണ്ട്.

പ്രേക്ഷകരില്‍ ഭൂരിപക്ഷവും ആണുങ്ങളാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്

ഇപ്പോള്‍ വന്നിട്ടുള്ള സിനിമകള്‍ വിജയിപ്പിക്കുന്നതും പ്രേക്ഷകരാണ്. 'ആവേശം' പോലെയൊരു സിനിമയെ വലിയ ആരവത്തോടെയാണ് വരവേല്‍ക്കുന്നത്. പ്രേക്ഷകരില്‍ ഭൂരിപക്ഷവും ആണുങ്ങളാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അവരുടെ ഹീറോയിക് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കഥാപാത്ര നിര്‍മിതി നടക്കുന്നത്. ഇപ്പോള്‍ സംഭവിക്കുന്നത് സ്ഥായിയായ പ്രവണതയല്ല. മാറുമെന്ന് തന്നെയാണ് വിചാരിക്കുന്നത്.

വിധു വിന്‍സെന്‍റ്

സിനിമ കോണ്‍ഷ്യസായ ഒരു പ്രവര്‍ത്തിയാണ്. ബോധപൂര്‍വമായി അതില്‍ പ്രാതിനിധ്യം എത്രത്തോളമുണ്ട് എന്ന് ആലോചിക്കേണ്ടതുണ്ട്. വെറുമൊരു വിനോദോപാധി പടച്ചുവിടുന്നതിനപ്പുറത്തേക്കുള്ള ഇടപെടല്‍ ആവശ്യമുണ്ട്. സ്​ത്രീപ്രാതിനിധ്യം ഇല്ലാതാകുന്നതും അത്തരം  സിനിമകള്‍ മുഖ്യധാരയിലേക്ക് വരുന്നതും അത് ആഘോഷിക്കപ്പെടുന്നതും നമ്മള്‍ ഒരു പ്രത്യേക സാംസ്​കാരിക പരിസരത്ത് നില്‍ക്കുന്നതുകൊണ്ടാവും.

ജിയോ ബേബി ( സംവിധായകന്‍, അഭിനേതാവ് )

സ്​ത്രീകളുടെ പ്രാതിനിധ്യക്കുറവ് മലയാള സിനിമയില്‍ മാത്രമുള്ള ഒരു വിഷയമല്ല. അത് സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും വ്യാപിച്ച് കിടക്കുന്ന വലിയ പ്രശ്​നമാണ്. എന്നാല്‍ ഈ വര്‍ഷം മലയാള സിനിമയില്‍ സ്​ത്രീകളെ നല്ല രീതിയില്‍ അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. 'പ്രേമലു’'വില്‍ നല്ല രീതിയില്‍ സ്​ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇല്ലാത്ത ഒരു സിനിമ വരുമ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. എല്ലാത്തരം സിനിമകളും ആവശ്യമുണ്ട്. ആവേശം പോലെ ഒരു സിനിമ ഉണ്ടാവുമ്പോള്‍ മറുവശത്ത് പെണ്ണുങ്ങളുള്ള ഒരു സിനിമ കൂടി വരണം. 'മന്ദാകിനി' എന്ന സിനിമ ഇതിനുള്ള മറ്റൊരു ഉത്തരമാണ്. അതില്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത് പെണ്ണുങ്ങളാണ്. ഈ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ അങ്ങനെയൊരു സിനിമ വന്നത് ഒരു യാദൃശ്ചികതയാണ്.

സിനിമയിലേക്ക് ഒരു പുരുഷന് വരാനുള്ളതിനെക്കാള്‍ ഒരുപാട് മടങ്ങ് ബുദ്ധിമുട്ട് ഒരു സ്​ത്രീക്കുണ്ട്

ജിയോ ബേബി

പ്രാതിനിധ്യത്തിന്‍റെ പ്രശ്​നം എല്ലാ തൊഴില്‍മേഖലയിലുമുണ്ട്. സിനിമയിലേക്ക് ഒരു പുരുഷന് വരാനുള്ളതിനെക്കാള്‍ ഒരുപാട് മടങ്ങ് ബുദ്ധിമുട്ട് ഒരു സ്​ത്രീക്കുണ്ട്. കേരളത്തില്‍ ഒരു സെക്കന്‍റ് ഷോയില്‍ ഒരു പെണ്‍കുട്ടിക്ക് തനിച്ച് പോവാന്‍ പറ്റുമോ? ആറുമണിയുടെ ഷോയ്​ക്ക് പോവാന്‍ പറ്റുമോ? ഒരു പെണ്‍കുട്ടി തനിച്ച് ഒരു സിനിമക്ക് പോകുന്നത് പോലും വളരെ വിരളമായ ഒരു സമൂഹത്തില്‍ നിന്നുകൊണ്ട് സ്​ത്രീപ്രാതിനിധ്യമില്ല എന്ന് പറയുന്നത് പോലും ഒരുതരം പ്രശ്​നമാണ്. ആദ്യം എല്ലാ തലത്തിലും സമത്വമുണ്ടാവണം. അതിന് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കണം. വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒരു സിനിമയില്‍ പെണ്ണുങ്ങളില്ല എന്ന് പറഞ്ഞ് വിലപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത്തരം സിനിമകളും വേണം.

കനി കുസൃതി ( അഭിനേത്രി )

കനി കുസൃതി

ചില സിനിമകളുടെ കഥയ്ക്ക് വേണ്ട കഥാപാത്രങ്ങളേ ഉള്‍പ്പെടുത്താന്‍ പറ്റൂ. പക്ഷേ വര്‍ഷത്തില്‍ പത്തിരുന്നൂറ് സിനിമകള്‍ ഇറങ്ങുന്ന ഒരു ഇന്‍ഡസ്​ട്രിയില്‍ സ്​ത്രീകളുടെ കഥാപാത്രങ്ങള്‍ രസകരമായി എഴുതുന്നുണ്ടോ? അതോ ആണ്‍കണ്ണില്‍ കാണുന്നത് പോലെയാണോ എഴുതുന്നത്? ഇത്ര നല്ല എഴുത്തുകാരുള്ളപ്പോള്‍ രസകരമായ കഥാപാത്രങ്ങള്‍ എന്തുകൊണ്ട് എഴുതപ്പെടുന്നില്ല? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പ്രസക്തമാണ്. എല്ലാ സിനിമയിലും സ്​ത്രീകള്‍ വേണമെന്നോ ഹിറ്റാവുന്ന ചില സിനിമകളില്‍ ഉണ്ടാവണമെന്നോ അല്ല പറയുന്നത്. ആ സിനിമയുടെ കഥക്ക് ആവശ്യമില്ലെങ്കില്‍ വേണ്ടിവരില്ല. പക്ഷേ ഇറങ്ങുന്ന സിനിമകളിലൊന്നും സ്ത്രീ കഥാപാത്രം വരുന്നില്ലെങ്കില്‍ എന്തോ പ്രശ്​നമുണ്ട്.

ഇത്ര നല്ല എഴുത്തുകാരുള്ളപ്പോള്‍ രസകരമായ കഥാപാത്രങ്ങള്‍ എന്തുകൊണ്ട് എഴുതപ്പെടുന്നില്ല?

പല പ്രായത്തിലുള്ള സ്​ത്രീകള്‍ വേണം. മിക്കവാറും ചെറുപ്പക്കാരുടെ കഥകളാണ് വരുന്നത്. പല പ്രായത്തിലുള്ള ആളുകള്‍, പല ജെന്‍ററിലുള്ള ആളുകള്‍, കുട്ടികള്‍, അങ്ങനെ വൈവിധ്യം ഉണ്ടാവണം. കഥകള്‍ എഴുതുമ്പോള്‍ കഥാപാത്രങ്ങളിലും വൈവിധ്യം ഉണ്ടാവണം.  

ENGLISH SUMMARY:

Celebrity opinion on women representation in Mollywood