കൈതി, മാസ്റ്റർ, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് എമ്പുരാനില്‍ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.
ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ്.