ഇന്ത്യന്‍ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. 2002-ൽ ദളപതി വിജയ്ക്കൊപ്പം 'തമിഴൻ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര അഭിനയ ജീവിതം ആരംഭിക്കുന്നത്. തമിഴില്‍ നിന്നും അഭിനയജീവിതത്തിന് തുടക്കം കുറിച്ച പ്രിയങ്ക ഇന്ന് ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ അഭിമുഖമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. സിനിമാരംഗത്തേക്ക് വരാന്‍ പ്രിയങ്കക്ക് താല്‍പര്യമില്ലായിരുന്നെന്നും ആദ്യ സിനിമയിലെ നായകനായ വിജയ്യുടെ സ്വഭാവത്തെക്കുറിച്ചൊക്കെയുമാണ് മധു സംസാരിക്കുന്നത്.
പ്രിയങ്ക ആദ്യം അഭിനയത്തെ എതിർത്തിരുന്നുവെന്നാണ് മധു ചോപ്രയുടെ വെളിപ്പെടുത്തല്‍. സിനിമയിൽ അഭിനയിക്കാൻ പ്രിയങ്കയ്ക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും മധു വ്യക്തമാക്കി. 'ആരോ മുഖേനയാണ് അവൾക്ക് തെന്നിന്ത്യൻ സിനിമയിലേക്ക് ഓഫർ ലഭിച്ചത്. ഈ ഓഫറിനെക്കുറിച്ച് ഞാൻ പ്രിയങ്കയോട് പറഞ്ഞപ്പോൾ അവൾ കണ്ണീരോടെ പറഞ്ഞു, ഞാൻ സിനിമ ചെയ്യുന്നില്ല. പക്ഷേ അവൾ എപ്പോഴും അനുസരണയുള്ള കുട്ടിയാണ്. ഞാൻ അവളോട് ഓഫർ സ്വീകരിക്കാൻ പറഞ്ഞപ്പോൾ, അവള് സമ്മതിക്കുകയും തമിഴനുള്ള കരാറിൽ ഒപ്പിടുകയും ചെയ്തു. സെറ്റിലെ ആദ്യ ദിനങ്ങള്‍ അവള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും, ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ പ്രിയങ്ക സിനിമാ നിർമ്മാണ പ്രക്രിയ ആസ്വദിക്കാൻ തുടങ്ങി' എന്നാണ് മധു ചോപ്ര പറഞ്ഞത്.
ഭാഷ അറിയില്ലെങ്കിലും ഷൂട്ടിങ് തുടങ്ങിയപ്പോള്‍ പ്രിയങ്ക സിനിമയെ ആസ്വദിക്കാന്‍ തുടങ്ങി. തമിഴന്റെ ടീം അവളെ സഹായിക്കുകയും വളരെ ബഹുമാനത്തോടെ പെരുമാറുകയും ചെയ്തു. തമിഴനിലെ നായകനായ വിജയ് ഒരു മാന്യൻ ആണെന്നും മധു കൂട്ടിച്ചേര്‍ത്തു.
'ഷൂട്ടിങ്ങിനിടെ പ്രിയങ്കയ്ക്ക് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നു, പ്രത്യേകിച്ചും ഭാഷയും വിജയ്ക്കൊപ്പമുള്ള നൃത്തവും. "നൃത്തം പ്രിയങ്കയ്ക്ക് കുഴപ്പമില്ലായിരുന്നു, പക്ഷേ തുടക്കത്തിൽ വിജയ്ക്കൊപ്പം ചുവടുകളുമായി പൊരുത്തപ്പെടാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ രാവിലെ മുതൽ വൈകുന്നേരം വരെ നൃത്തസംവിധായകനോടൊപ്പം പരിശീലിക്കുമായിരുന്നു, പിന്നെ അവൾ അത് ആസ്വദിക്കാൻ തുടങ്ങി. അവളുടെ സ്വഭാവം കെട്ടിപ്പടുക്കാനും ഇത് ഒരു കരിയർ ആയി തുടരാൻ അവൾ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാനും 'തമിഴന്' അവളെ സഹായിച്ചു'- മധു ചോപ്ര.
അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇഡ്രിസ് എൽബ, ജോൺ സീന, ജാക്ക് ക്വയ്ഡ് എന്നിവരെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ-കോമഡി ചിത്രമായ 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' എന്ന ചിത്രമാണ് പ്രിയങ്കയുടേതായി ഇനി വരാനിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി. കൂടാതെ ഫ്രാങ്ക് ഇ. ഫ്ളവേഴ്സ് സംവിധാനം ചെയ്യുന്ന 'ദ ബ്ലഫ്' എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്.