ആദ്യദിന റിവ്യു ബോംബിങ് വ്ലോഗര്‍മാരെ ട്രോളി നടന്‍ പ്രദീപ് ബാലന്‍. ടൈറ്റാനിക് എന്ന ലോകപ്രശസ്ത സിനിമയുടെ റിവ്യു പറഞ്ഞാണ് താരത്തിന്‍റെ ട്രോള്‍. സിനിമ റിലീസായി ആദ്യ ദിവസം തന്നെ പുറത്ത് വരുന്ന റിവ്യു ബോബിങ് വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വ്ലോഗര്‍മാരെ ട്രോളുന്ന വിഡിയോ. ടൈറ്റാനിക് സിനിമയുടെ റിവ്യു എന്ന പേരില്‍ സിനിമയെ വിമര്‍ശിക്കുന്നതാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
‘വളരെ ശോകമായ ഒരു സിനിമയാണ് ടൈറ്റാനിക്. ചങ്ങമ്പുഴയുടെ കാലം മുതൽ പറഞ്ഞു പഴകിയ ദരിദ്രനായ നായകനും പണക്കാരിയായ നായികയുമാണ് ടൈറ്റാനിക്കിലെ കഥാപാത്രങ്ങൾ. ഇവരുടെ പ്രണയമാണ് സിനിമ പറയുന്നത്. ഇതൊക്കെ എത്ര സിനിമകളിൽ കണ്ടിട്ടുള്ളതാണ്. നിങ്ങളൊക്കെ ഏതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്, നിങ്ങളൊക്കെ മാറിചിന്തിക്കേണ്ടിയിരിക്കുന്നു. സിനിമയിൽ അഭിനയിക്കുന്നവരുടെ എക്സ്പ്രെഷൻ വളരെ ശോകമാണ്. കപ്പൽ മുങ്ങുമ്പോഴൊക്കെ അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ഒട്ടും കഴിവില്ലാത്തവരാണ്. ഒട്ടും അഭിനയമറിയില്ലാത്ത ആളുകളാണ്. കോമഡിക്കുവേണ്ടി നായകനും നായികയും തുപ്പിക്കളിക്കുന്ന രംഗമൊക്കെ തീർത്തും മോശമാണ്. ഒരുമാതിരി പഴത്തൊലിയില്‍ ചവിട്ടി വീഴുന്ന പോലുള്ള പഴയ നിലവാരമില്ലാത്ത കോമഡിയാണത്.
‘കപ്പൽ മുങ്ങുമ്പോഴും ഇരുന്നു വയലിൻ വായിക്കുന്നവരെ കാണുമ്പോൾ ‘പുരകത്തുമ്പോൾ വാഴ നടുക’ എന്ന പഴഞ്ചൊല്ലാണ് ഓർമ വരുന്നത്. കപ്പല്‍ മുങ്ങുമ്പോള്‍ ആരെങ്കിലും വയലിന്‍ വായിക്കുമോ? മിമിക്രിക്കാര്‍ ആരും ഈ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നത് ഒരു പ്ലസ് പോയിന്റാണ്. പാട്ടുകളും വളരെ ശോകമാണ്. ‘എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ്’ എന്ന പാട്ടു കേട്ടാൽ തിയറ്ററിൽ നിന്ന് ഇറങ്ങി ഓടിപ്പോകും. സംഗീതം മാത്രമല്ല, ലിറിക്സ് പോലും ശരിയായിട്ടില്ല. സിനിമയിലെ വില്ലനും തീർത്തും പരാജയമായിപ്പോയി. പുച്ഛഭാവം വളരെ ശോകം. ജെയിംസ് കാമറൂൺ എവിടെങ്കിലും പോയി സംവിധാനം പഠിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് സിനിമ എടുക്കുക. മൊത്തത്തിൽ ടൈറ്റാനിക് ഒരു ബോറു സിനിമയാണ്.’ എന്നിങ്ങനെയാണ് പ്രദീപിന്‍റെ വാക്കുകള്‍.
പ്രദീപിന്റെ വിഡിയോക്ക് പ്രതികരണവുമായി നിരവധിപേരാണ് എത്തുന്നത്. രസകരമായ കന്‍റുകളുമായും നിരവധി കാഴച്ചക്കാര്‍ എത്തി. മിമിക്രി രംഗത്തുനിന്ന് സിനിമയിലെത്തിയ കലാകാരനാണ് പ്രദീപ് ബാലൻ. നോര്‍ത്ത് 24 കാതം, സപ്തമ.ശ്രീ.തസ്ക്കരാ, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്, പ്രണയാമൃതം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.