nitish-bharadwaj

ഞാൻ ഗന്ധർവൻ എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്നും മലയാളികളുടെ ഇഷ്ടതാരമായി തുടരുന്ന നിതീഷ് ഭരദ്വാജ് വീണ്ടും മലയാള സിനിമയിൽ. ജയസൂര്യ നായകനാകുന്ന 'കത്തനാരി'ലൂടെയാണ് 33 വർഷങ്ങൾക്കു ശേഷം നിതീഷ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. കൊച്ചിയിലെ ലൊക്കേഷനിൽ നിതീഷ് ഇന്ന് ജോയിൻ ചെയ്തു. ജയസൂര്യയും സംവിധായകൻ റോജിൻ തോമസും ഉൾപ്പെടെയുള്ളവർ ചേർന്ന് നിതീഷിനെ സ്വീകരിച്ചു. 

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കത്തനാർ ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. 1991 ലാണ് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെ നിതീഷിനെ പത്മരാജൻ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. അതിനുമുമ്പ് തന്നെ ദൂരദർശന്റെ മഹാഭാരതം പരമ്പരയിൽ കൃഷ്ണനായി വേഷമിട്ട നിധീഷിന് ഇന്ത്യയൊട്ടാകെ കീർത്തിയുണ്ടായിരുന്നു. ഇടയ്ക്ക് രാഷ്ട്രീയത്തിൽ പ്രവേശിച്ച നിധീഷ് മധ്യപ്രദേശിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഞാൻ ഗന്ധർവ്വൻ തിയറ്ററിൽ വലിയ വിജയമായില്ലെങ്കിലും മലയാളികളുടെ 'കൾട്ട് ക്ലാസിക്കാ'യി ഇന്നും ചർച്ചകളിൽ സജീവമാണ്. ജയസൂര്യക്കൊപ്പം കത്തനാരിൽ ശ്രദ്ധേയ വേഷമാണ് നിതീഷിന് എന്നറിയുന്നു.

 ടൈറ്റിൽ വേഷത്തിൽ ഏറെ പ്രത്യേകതകളോടെയാണ് ജയസൂര്യ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റ് സിനിമകളൊന്നും ചെയ്യാതെ  ഈ സിനിമയ്ക്ക് വേണ്ടി ദൈർഘ്യമേറിയ കോൾ സീറ്റാണ് നൽകിയിരിക്കുന്നത്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു തെന്നിന്ത്യൻ താരം.