തുടര്‍പരാജയങ്ങളില്‍ പതറി നില്‍ക്കുന്ന വിജയ് സേതുപതി, നായക വേഷമിട്ട സിനിമകളുടെ കലക്ഷന്‍ കണ്ടാല്‍ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിക്കുന്ന സമയം... താരം തന്‍റെ അന്‍പതാം സിനിമ പ്രഖ്യാപിക്കുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതിന് പിന്നാലെ സ്ഥിരം സേതുപതി ബോംബ് പടം എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പഴയ കഥാപാത്രങ്ങളെയും ശൈലിയെയും വിമര്‍ശിച്ച് ട്രോളുകള്‍, പക്ഷെ അയാളിലെ നടന് തന്‍റെ അന്‍പതാം ചിത്രത്തെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. അനക്കമില്ലാതിരുന്ന തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ഇന്ന് ‘മഹാരാജ’യ്ക്ക് ടിക്കറ്റ് കിട്ടാനില്ല. പല തിയറ്ററുകളും അഡീഷണല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നു, രാജകീയ മടങ്ങിവരവ് നടത്തിയ വിജയ് സേതുപതിയുടെ അന്‍പതാം ചിത്രം ആഘോഷമാക്കുകയാണ് തമിഴകം. താരത്തിന്റെ കരിയർ ബ്ലോക്ബസ്റ്ററായി മാറിയേക്കാവുന്ന ചിത്രം 50 കോടി കലക്ഷനിലേക്ക് അതിവേഗം നീങ്ങുകയാണ്.

നാമ പേസ കൂടാത്...നമ്മ പടം താൻ പേസണം എന്ന കാർത്തിക് സുബ്ബരാജിന്റെ  വാക്കുകൾ കടമെടുത്താൽ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇറങ്ങിയ മികച്ച തമിഴ് സിനിമ  എന്ന മൂല്യം വിജയ് സേതുപതിയുടെ മഹാരാജ സ്വന്തമാക്കിക്കഴിഞ്ഞു. 2017 ൽ കുരങ്ങുബൊമ്മയ് എന്ന സിനിമയിലൂടെ വരവറിയിച്ച നിതിലൻ സ്വാമിനാഥൻ  ഏഴു വർഷത്തിനു ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്നതും ‘മഹാരാജ’യുടെ ഹൈലൈറ്റായിരുന്നു. ഒപ്പം വിജയ് സേതുപതിയും അനുരാഗ് കാശ്യപും അടക്കമുള്ള താരനിരയും. ഏഴ് വര്‍ഷം കൊണ്ട് നിതിലൻ പലകുറി മാറ്റിയും തിരുത്തിയും എഴുതിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. വൈകാരികമായ മുഹൂര്‍ത്തങ്ങളും മെയ്ക്കിങ്ങിലെ ചടുലതയും നോണ്‍ ലീനിയര്‍ കഥ പറച്ചിലും കൊണ്ട് ‘മഹാരാജ’യെ പുതുമയുള്ള കാഴ്ചയാക്കി മാറ്റി സംവിധായകന്‍.

സിനിമ കാണുന്ന പ്രേക്ഷകനെ വൈകാരികമായി എത്രമാത്രം കഥയോട് ചേര്‍ത്തുനിര്‍ത്താം എന്നതിന് മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് മഹാരാജ. ശക്തമായ തിരക്കഥ. സംവിധായകന്‍ ആഗ്രഹിക്കുന്ന ഇമോഷണൽ പ്രതലത്തിലേക്ക് പ്രേക്ഷകനെ എത്തിക്കാന്‍ കഴിയുന്ന അഭിനേതാക്കളുടെ നീണ്ട നിര.  ഉദ്വേഗജനകമായ ഫ്രെയിമുകള്‍. ത്രില്ലും കോമഡിയും വയലന്‍സും കൃത്യമായി ബ്ലെന്‍ഡ് ചെയ്തപ്പോള്‍ ‘മഹാരാജ’ സ്ക്രീനിലെ രാജയായി

ENGLISH SUMMARY:

Vijay sethupathi maharaja movie review