തമിഴക രാഷ്ട്രീയത്തിൽ താൽപര്യങ്ങളില്ലെന്ന് നടൻ വിജയ് സേതുപതി. ആരാധകർ കൂടെയുണ്ടായാലും നടന്മാരുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നത് ജനങ്ങളാണെന്ന് വിജയ് സേതുപതി മനോരമ ന്യൂസിനോട് പറഞ്ഞു . ബോക്സോഫീസിൽ കോടികൾ വാരിക്കൂട്ടിയ മഹാരാജ എന്ന ചിത്രത്തിന്റെ പ്രചാരണാർഥമാണ് വിജയ് സേതുപതി കൊച്ചിയിലെത്തിയത്. മലയാള സിനിമയിൽ ശാരീരികവും വൈകാരികവുമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണ് ആഘോഷിക്കപ്പെട്ടതെന്ന് വിജയ് സേതുപതിക്കൊപ്പം മനോരമ ന്യൂസിനോട് സംസാരിച്ച നടി മമ്ത മോഹൻദാസ് പറഞ്ഞു.
ആരാധകരുണ്ടാകാം.പ്രതിഛായ വോട്ടുംകൊണ്ടുവരാം. അപ്പോഴും പ്രത്യയശാസ്ത്രം വിലയിരുത്തി നടന്മാരുടെ രാഷ്ട്രീയഭാവി നിർണയിക്കുന്നത് ജനങ്ങളാണ്. കൃത്യമായ രാഷ്ട്രീയകാഴ്ചപ്പാടില്ലാത്തതിനാൽ രാഷ്ട്രീയത്തിലേക്കില്ല. നടീനടന്മാർക്ക് പലവട്ടം കൈകൊടുത്ത തമിഴകത്ത് രാഷ്ട്രീയ മോഹങ്ങളുണ്ടോയെന്ന ചോദ്യത്തിനാണ് വിജയ് സേതുപതിയുടെ മറുപടി.
സ്ത്രീയും അഭിനേത്രിയും എന്ന നിലയിൽ തനിക്ക് മുമ്പെങ്ങുമില്ലാത്ത പരിഗണന ലഭിക്കുന്ന കാലമാണിതെന്നും കരിയറിന്റെ രണ്ടാം ഘട്ടമാണിതെന്നും മമ്ത മോഹൻദാസ് പറഞ്ഞു. സ്ത്രീകൾക്ക് പ്രാതിനിധ്യമുള്ള സിനിമകളും അവ രൂപപ്പെടുത്തുന്ന പുരുഷൻമാരുമുള്ള കാലമാണിത്.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ തമിഴകത്തിനൊപ്പം കേരളത്തിലും വിജയം നേടിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം വിജയ് സേതുപതി കൊച്ചിയിൽ എത്തിയത്.