അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്. കൊച്ചിൻ സംഗമിത്രയുടെ നാടകമായ ‘ഇരട്ടനഗര’ത്തിലൂടെയാണ് രേണുസുധിയുടെ അരങ്ങേറ്റം. കോളജ് വിദ്യാർത്ഥിനിയായാണ് നാടകത്തിൽ വേഷമിടുന്നത്. അടുത്തയാഴ്ച നാടകത്തിന്റെ റിഹേഴ്സൽ ആരംഭിക്കും. ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് നാടകം പ്രദർശനത്തിനെത്തുക.
നാടകത്തിൽ മാത്രമല്ല നേരത്തേ ആൽബത്തിലും രേണു അഭിനയിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന സിനിമയിലും രേണു വേഷം ചെയ്യുന്നുണ്ട്. സ്കൂൾ പഠനകാലത്തു തന്നെ നാടകങ്ങളിൽ അഭിനയിച്ചുള്ള പരിചയവും അനുഭവവും രേണുവിനുണ്ട്. നൃത്തത്തിനോടും തൽപ്പരയാണ് രേണു. വാകത്താനത്ത് വാടകവീട്ടിലാണ് രേണുവും മക്കളും താമസിക്കുന്നത്. സുധി പങ്കെടുത്തിരുന്ന സ്റ്റാർ മാജിക് പരിപാടി ഫാന്‍സുകാരാണ് വീട്ടുവാടക നല്‍കുന്നത്. ലക്ഷ്മി നക്ഷത്ര എല്ലാ മാസവും മുടങ്ങാതെ പണം അയച്ചുതരുന്നുണ്ടെന്നും രേണു പറഞ്ഞു.
വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്സാണ്. മാതാപിതാക്കൾക്ക് ഒപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസം. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു കഴിഞ്ഞു. 2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.